ബിഹാറിലേക്ക് യാത്രപോകുമ്പോള്‍ മദ്യം കൊണ്ടുപോകരുതെന്ന് ജവാന്മാര്‍ക്കും മുന്നറിയിപ്പ്
പാറ്റ്‌ന: ബിഹാറിലേക്ക് യാത്രപോകുമ്പോള്‍ മദ്യം കൊണ്ടുപോകരുതെന്ന് ഉദ്യോഗസ്ഥര്‍ക്കും ജവാന്മാര്‍ക്കും സൈന്യത്തിന്റെ മുന്നറിയിപ്പ്. മിലിറ്ററി കാന്റീന്‍ സര്‍വിസസ് ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വിരമിച്ച സൈനികര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധനം ലംഘിച്ച് മദ്യം കൊണ്ടുപോയ നിരവധി സൈനികര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നത്.
കര, നാവിക, വ്യോമസേനകളുടെ എല്ലാ കമാന്റ് ആസ്ഥാനങ്ങളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏപ്രില്‍ അഞ്ചു മുതലാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് മദ്യം വില്‍ക്കുന്നതും കൊണ്ടുനടക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം കുറ്റകരമാണ്. മേഘാലയയിലെ ഷില്ലോങില്‍ ജോലിചെയ്യുന്ന കരസേന ക്യാപ്റ്റനെ രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ഇടയ്ക്കിടെ വ്യാജമദ്യ ദുരന്തങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും മദ്യനിരോധന നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."