HOME
DETAILS
MAL
കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി സംഘടനാ ദൗര്‍ബല്യവും കാലുവാരലും തോല്‍വിക്ക് കാരണമായി
backup
August 25 2021 | 04:08 AM
ഇ.പി മുഹമ്മദ്
കോഴിക്കോട്: സംഘടനാ ദൗര്‍ബല്യവും നേതാക്കളുടെ കാലുവാരലും പരമ്പരാഗതമായി ഒപ്പംനിന്ന സമുദായങ്ങളെ അകറ്റിയതുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിക്ക് കാരണങ്ങളെന്ന് കെ.പി.സി.സി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.
കെ.പി.സി.സി ഭാരവാഹികളടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. മൂന്നംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളായാണ് സമിതി വിവിധ ജില്ലകളില്‍ അന്വേഷണം നടത്തിയത്. കോണ്‍ഗ്രസ് തോറ്റ ഓരോ മണ്ഡലങ്ങളിലെയും സാഹചര്യങ്ങള്‍ പ്രത്യേകം പരിഗണിച്ചാണ് പരിശോധിച്ചത്. അതീവ ദുര്‍ബലമായ സംഘടനാ സംവിധാനവും നേതാക്കളുടെ പാരവയ്പ്പും തോല്‍വിക്ക് കാരണമായെന്ന് അഞ്ച് റിപ്പോര്‍ട്ടുകളിലും പറയുന്നു. മുസ്‌ലിം സമുദായം കോണ്‍ഗ്രസിനോട് അകന്നതും തോല്‍വിക്ക് കാരണമായി. നേമം, കൊല്ലം, തൃത്താല അടക്കമുള്ള പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് കാരണം മുസ്‌ലിം വിഭാഗത്തെ അകറ്റിയതാണെന്നാണ് വിലയിരുത്തല്‍.
ജോസ് കെ. മാണിയുടെ മുന്നണിമാറ്റം മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കി. നാടാര്‍ സംവരണം നടപ്പാക്കിയത് കാട്ടാക്കട, പാറശാല, അരുവിക്കര, നെയ്യാറ്റിന്‍കര അടക്കമുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂല തരംഗമുണ്ടാക്കിയപ്പോള്‍ ഇത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനായില്ല.
മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളെ അതിവിദഗ്ധമായി എല്‍.ഡി.എഫ് ഒപ്പം നിര്‍ത്തി. ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനുമായില്ല. കോന്നി, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, അമ്പലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിമോഹികള്‍ എതിരായി പ്രവര്‍ത്തിച്ചു. കഴക്കൂട്ടത്ത് ഡോ. എസ്.എസ് ലാല്‍ മികച്ച സ്ഥാനാര്‍ഥിയായിരുന്നെങ്കിലും അത് ജനങ്ങളിലേക്കെത്തിക്കാന്‍ സംഘടനക്കായില്ല. ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പാര്‍ട്ടിയും തമ്മില്‍ ഏകോപനമുണ്ടായില്ല. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സാമുദായിക സമവാക്യം പാളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.എ ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മുന്‍ മന്ത്രി വി.സി കബീറിന്റെ നേതൃത്വത്തില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും മുന്‍ എം.എല്‍.എ സി.പി മുഹമ്മദിന്റെ നേതൃത്വത്തില്‍ തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തിരുവനന്തപുരം മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും മുന്‍ എം. എല്‍.എ കുര്യന്‍ ജോയിയുടെ നേതൃത്വത്തില്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അന്വേഷണം നടത്തിയത്. പ്രാദേശിക നേതാക്കള്‍, പ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥികള്‍ എന്നിവരുമായി സംസാരിച്ചാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."