ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനം; സസ്‌പെന്‍ഷന്‍ അസാധാരണം; ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയും ഞെട്ടലും
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത് ശനിയാഴ്ച 9.30ഓടെ. പട്ടിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന അതേ മണിക്കൂറില്‍ തന്നെ മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും തങ്ങളുടെ പ്രതിഷേധം പരസ്യമായി ചാനലിലൂടെ അറിയിക്കുന്നു. പരസ്യ പ്രസ്താവനയും വിമര്‍ശനവും പതിവായ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതു വലിയ വാര്‍ത്തയല്ല. എന്നാല്‍ പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ വന്ന് ഒരു മണിക്കൂര്‍ തികയുംമുമ്പ് രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്തുള്ള വാര്‍ത്താക്കുറിപ്പ് ഇന്ദിരാഭവനില്‍നിന്ന് ഇറങ്ങിയത് കോണ്‍ഗ്രസില്‍ അസാധാരണവും അത്യപൂര്‍വവും.
അത് ശിവദാസന്‍ നായരെയും അനില്‍കുമാറിനെയും മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരിപ്പിച്ച നടപടിയായി. പൊടുന്നനെയുണ്ടായ അച്ചടക്ക നടപടിയില്‍ ഇരുഗ്രൂപ്പുകള്‍ക്കിടയിലും അതൃപ്തിയുമുണ്ടാക്കി. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതു ശരിയായില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ പരസ്യമാക്കുകയും ചെയ്തു. ശിവദാസന്‍ നായര്‍ക്കെതിരായ നടപടിക്കു മുമ്പായി വിശദീകരണം തേടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നടപടിക്കു മുമ്പ് വിശദീകരണം തേടണമായിരുന്നു എന്ന് മുന്‍മന്ത്രി കെ.സി ജോസഫും പറഞ്ഞു.
അനില്‍കുമാറിനെയും ശിവദാസന്‍ നായരെയും പോലെ കൂടുതല്‍ നേതാക്കള്‍ പരസ്യ പ്രതികരണവുമായി ഇറങ്ങുന്നതു തടയാനാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കഴിയുംമുമ്പ് ഇവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. നടപടിയെടുത്തതിനു പിന്നാലെ പട്ടികയെച്ചൊല്ലി തല്‍കാലം ഏറ്റുമുട്ടേണ്ടെന്ന് ഗ്രൂപ്പുകള്‍ക്കുള്ളില്‍ ധാരണയായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."