നാടോടി സ്ത്രീയുടെ കയ്യില്‍ ചാക്കിലായി പണം
വാടാനപ്പള്ളി: മാനസിക വിഭ്രാന്തിയുള്ള നാടോടി സ്ത്രീയുടെ കയ്യില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക് ചാക്കിലായി ഒരുലക്ഷത്തി പതിനൊന്നായിരത്തി അറുനൂറ്റി തൊണ്ണൂറ്റി എട്ട് രൂപ കണ്ടെത്തി.
കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷമായി വാടാനപ്പള്ളി സെന്ററില്‍ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയില്‍ കഴിഞ്ഞിരുന്ന നാടോടിയായ നാട്ടുകാര്‍ ദീദി എന്നു വിളിക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീയെയും മറ്റൊരു യുവതിയേയും ഇന്നലെ രാവിലെ വാടാനപ്പള്ളി പൊലിസും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പഞ്ചായത്തും ചേര്‍ന്ന് വാടാനപ്പള്ളി ആക്ട്‌സിന്റെ ആംബുലന്‍സില്‍ തൃശൂര്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കുകയും മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരുവരെയും തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഇവിടെ നിന്നും ചികിത്സക്ക് ശേഷം ഇരുവരെയും മഹിളാ മന്ദിരത്തിലേക്ക് താമസം മാറ്റാനും നിര്‍ദേശിച്ചു. ഇരുവരെയും ആശുപത്രിയിലാക്കിയ ശേഷം വൈകീട്ട് വാടാനപ്പള്ളിയിലെത്തിയ സംഘം സ്ത്രീയുടെ കൂടെയുണ്ടായിരുന്ന മൂന്നു ചാക്കുകള്‍ തുറന്നു നോക്കിയപ്പോള്‍ രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലായി നിറയെ നോട്ടുകളും, മറ്റൊരു ചാക്കില്‍ പകുതിയോളം ചില്ലറ പൈസയും കണ്ടെത്തി. തുടര്‍ന്ന് വാടാനപ്പള്ളി പൊലിസിന്റെ നിര്‍ദേശത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ സുധീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൈസകള്‍ എണ്ണി തിട്ടപ്പെടുത്തി.
ഇരുന്നൂറ് യു.എ.ഇ ദിര്‍ഹം ഉള്‍പ്പെടെ നൂറ്, അമ്പത്, ഇരുപത്, പത്ത്, അഞ്ച് തുടങ്ങി നോട്ടുകളും പത്ത്, അഞ്ച്, രണ്ട്, ഒന്ന്, അമ്പത് പൈസ, ഉള്‍പ്പെടെ ഒരുലക്ഷത്തി പതിനൊന്നായിരത്തി അറുനൂറ്റി തൊണ്ണൂറ്റി എട്ടു രൂപ കിട്ടിയത്. ഈ പൈസ സ്ത്രീയുടെ പേരില്‍ നിക്ഷേപിക്കുമെന്ന് വാടാനപ്പള്ളി എസ്.ഐ ഡി.ശ്രീജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."