പ്രതിപക്ഷത്തിന് ഗുജറാത്തിൽനിന്ന് പകർത്താനുള്ളത്
ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 47 കുട്ടികളടക്കം 135 പേര്‍ മരിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ആയിരുന്നു. മുന്‍പരിചയമില്ലാത്ത കമ്പനിക്ക് അറ്റകുറ്റപ്പണിക്ക് വഴിവിട്ട് കരാര്‍ നല്‍കിയതാകട്ടെ ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരും. മൂന്നു ദിവസത്തിനു ശേഷം നവംബര്‍ മൂന്നിനാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും വിമതശല്യവും അടക്കം ഭരണവിരുദ്ധ വികാരം മുഴച്ചുനിന്ന ഗുജറാത്തിൽ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാന്‍ പറ്റിയ മറ്റൊരു കാരണം കൂടിയായിരുന്നു മോര്‍ബി ദുരന്തം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ചരിത്രത്തിലെ മികച്ച ഭൂരിപക്ഷവുമായി ബി.ജെ.പി ഏഴാംവട്ടവും ഭരണത്തുടര്‍ച്ച സാധ്യമാക്കിയെന്നു മാത്രം. ബി.ജെ.പി സ്ഥാനാര്‍ഥി കാന്തിലാല്‍ അമൃത്യ 62079 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെ മോര്‍ബിയില്‍ ജയിച്ചുകയറി എന്നതാണ് അതിലേറെ ആശ്ചര്യം. ഇതില്‍പരം ഒരപമാനം ഗുജറാത്തിലെ ബി.ജെ.പി വിരുദ്ധ കക്ഷികള്‍ക്കുണ്ടോ! കൈവന്ന അവസരങ്ങളടക്കം കളഞ്ഞുകുളിച്ചതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. മോര്‍ബി പാലം തകര്‍ച്ചയ്ക്കു പിന്നിലെ അഴിമതി അടക്കമുള്ള കാരണങ്ങള്‍ വോട്ടാക്കി മാറ്റുന്നതില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം പരാജയപ്പെട്ടത്? പ്രതിപക്ഷ നിരയിലെ അനൈക്യം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടാമെങ്കിലും പ്രധാനകാരണം, അവസരങ്ങളെ തങ്ങള്‍ക്കനുകൂലമാക്കുന്നതിലെ ഗുരുതര വീഴ്ചതന്നെ.
ബി.ജെ.പി ഊതിവീര്‍പ്പിച്ച ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരം തുറന്നുകാണിക്കാനുള്ള അവസരവും കോണ്‍ഗ്രസ് വിനിയോഗിച്ചില്ലെന്നതും തിരിച്ചടിയായി. തെരഞ്ഞടുപ്പ് ജയത്തിനും അധികാരത്തുടര്‍ച്ചയ്ക്കും ജനക്ഷേമ കാര്‍ഡുകള്‍ ആവശ്യമില്ലെന്നതു കൂടിയാണ് ഗുജറാത്ത് ഫലം നല്‍കുന്ന ആപത് സൂചന. വര്‍ഗീയധ്രുവീകരണവും 'മോദി ഫാക്ട'റും കൊണ്ട് കാലാകാലം രാജ്യഭരണം കൈവെള്ളയില്‍ കൊണ്ടുനടക്കാമെന്ന അഹന്തയും ബി.ജെ.പിക്കുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇനിയെങ്കിലും ആലസ്യം വിട്ടുണർന്നില്ലെങ്കിൽ 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതര നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്നുറപ്പ്.
ശക്തമായ രാഷ്ട്രീയ ബദലിന്റെ അഭാവമാണ് ഭരണവിരുദ്ധ തരംഗത്തിനിടയിലും ബി.ജെ.പിക്ക് വിജയം ഉറപ്പാക്കുന്നത്. മറികടക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ക്കും പൊറുത്തുകൊടുക്കലുകള്‍ക്കും കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ മനസ്സുവയ്ക്കണം. ഗുജറാത്തിലെ ചരിത്രവിജയം ബി.ജെ.പിക്ക് ആശ്വാസത്തിനു വക നല്‍കുന്നുണ്ടെങ്കിലും ഹിമാചല്‍പ്രദേശ് നഷ്ടമായത് കനത്ത ക്ഷീണമാണ്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 15 വര്‍ഷം തുടര്‍ച്ചയായ ഭരണത്തിനുശേഷം പടിയിറങ്ങേണ്ടിവന്നതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതും ഒാര്‍ക്കണം. ആറ് നിയമസഭാ സീറ്റിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. ഒന്നിച്ചുനിന്നാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നിലംപരിശാക്കാന്‍ കഴിയുമെന്ന ശുഭസൂചനകളാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നത്. ഓരോ സംസ്ഥാനത്തുമുള്ള പ്രതിപക്ഷ കക്ഷികള്‍ കൂട്ടായ തന്ത്രം രൂപപ്പെടുത്തുകയാണെങ്കില്‍ ബി.ജെ.പിവിരുദ്ധ വോട്ടുകള്‍ സമാഹരിക്കുക എളുപ്പമാകും.
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയണം. ഏകീകൃത സിവില്‍കോഡ് വിഷയത്തിലടക്കം കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന ഖേദം മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കുണ്ട്. ആദിവാസി, ദലിത് വിഷയങ്ങളിലും ഇതേ മനഃസ്ഥിതി പലപ്പോഴും കോണ്‍ഗ്രസ് പുലര്‍ത്തിയിട്ടുണ്ട്. ഇനിയെങ്കിലും ഈ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കോണ്‍ഗ്രസ് കരുതലെടുത്തേ മതിയാവൂ.
പ്രാദേശിക കക്ഷികള്‍ക്ക് ശക്തിയുള്ള ഇടങ്ങളില്‍ രാഷ്ട്രീയ ബദലിനുള്ള നേതൃത്വം ആ കക്ഷികള്‍ക്ക് നല്‍കലും ബുദ്ധിയാവും. വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും ചികിത്സാസൗകര്യങ്ങളുടെ കുറവുമൊക്ക രാജ്യത്തെ ജനങ്ങളില്‍ ബി.ജെ.പിക്കെതിരേയുള്ള അവിശ്വാസം പെരുപ്പിക്കുന്നുണ്ട്. വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞല്ല, വര്‍ഗീയകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയാണ് കുറച്ചുകാലങ്ങളായി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വിജയം ആവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ ലാക്കാക്കിയുള്ള പ്രകോപന പ്രസംഗങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ബി.ജെ.പിയുടെ പതിവുതന്ത്രങ്ങളാണ്. ആ കുഴിയില്‍ വീഴാതിരിക്കാനും പ്രതിരോധിക്കാനുമുള്ള ജാഗ്രതയും പ്രതിപക്ഷം കാട്ടണം.
കര്‍ണാടക നിയമസഭയിലേക്കും മഹാരാഷ്ട്ര ബി.എം.സിയിലേക്കും അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് ഇരുസംസ്ഥാനങ്ങളും അതിര്‍ത്തി പങ്കിടുന്ന ബെലഗാവിയില്‍ ബോധപൂര്‍വമുള്ള കലാപത്തിന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കോപ്പുകൂട്ടുന്നത്. ഭാഷാവാദവും അതിര്‍ത്തിത്തര്‍ക്കവും വോട്ട് സമാഹരിക്കാനുള്ള മികച്ച ഇന്ധനമാണെന്ന് ബി.ജെ.പി നേതാക്കളായ ഇരു മുഖ്യമന്ത്രിമാര്‍ക്കും നന്നായറിയാം. ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷം സംഘ്പരിവാര്‍ കുഴിക്കുന്ന കുഴികളില്‍ വീണുപോവാതിരിക്കാനും ശ്രദ്ധിക്കണം.
കര്‍ണാടകയ്ക്കു പുറമേ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമാണെങ്കിലും ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലേതുപോലെ കോണ്‍ഗ്രസിന് തലവേദനയാകും. ആംആദ്മിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വം ആവിഷ്‌കരിക്കേണ്ടതുണ്ട്. ഗുജറാത്തില്‍ പരാജയപ്പെട്ട നിശബ്ദപ്രചാരണം എന്ന തന്ത്രം ഫലിക്കില്ലെന്ന തിരിച്ചറിവുകൂടി കോണ്‍ഗ്രസിന് വേണം. ഈ രാഷ്ട്രീയപാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."