40 ചാക്ക് റേഷന്‍ കുത്തരിയും 20 ചാക്ക് ഗോതമ്പും മോഷ്ടിച്ചു കടത്തി; സപ്ലൈകോ ജീവനക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
മാവേലിക്കര: സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍നിന്ന് 40 ചാക്ക് റേഷന്‍കുത്തരിയും 20 ചാക്ക് ഗോതമ്പും മോഷ്ടിച്ചു കടത്തിയതിനു സപ്ലൈകോ ജീവനക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയര്‍ അസിസ്റ്റന്റ് (ഗ്രേഡ്‌രണ്ട്) രാജു (52),വാതില്‍പ്പടി റേഷന്‍വിതരണം നടത്തുന്ന സന്തോഷ് വര്‍ഗീസ് (61)ജോസഫ് സുകു (61),മിനിലോറി ഡ്രൈവര്‍ വിഖില്‍ (26) എന്നിവരെയാണു മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്. ചെങ്ങന്നൂര്‍ താലൂക്കിലെ റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന കേന്ദ്രമാണു തട്ടാരമ്പലത്തേത്. 40 ചാക്ക് അരി, 20 ചാക്ക് ഗോതമ്പ് എന്നിവയും കടത്താനുപയോഗിച്ച ലോറിയും ടെമ്പോവാനും പിടിച്ചെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭരണകേന്ദ്രത്തിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ പുറത്തുപോയ സമയത്ത് രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്കുകൊണ്ടുപോയത്. ഇതേ ഉദ്യോഗസ്ഥന്‍ തന്നെ പൊലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭരണകേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു സാധനങ്ങള്‍ കൊണ്ടുപോയ മിനിലോറി തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം തുടങ്ങിയത്.എന്നാല്‍ അന്വേഷണത്തെക്കുറിച്ചറിഞ്ഞ പ്രതികള്‍ കടത്തിയ ഭക്ഷ്യധാന്യം ഞായറാഴ്ച ഉച്ചയോടെ പെരിങ്ങേലിപ്പുറം, കാരയ്ക്കാട് എന്നിവിടങ്ങളിലെ ഓരോ റേഷന്‍കടകളില്‍ എത്തിച്ചു.അവധിദിവസം സാധനങ്ങളെത്തിച്ചതിനാലും ബില്ലു നല്‍കാത്തതിനാലും കടക്കാര്‍ സാധനങ്ങളേറ്റുവാങ്ങാന്‍ വിസമ്മതിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ ബില്ലെത്തിക്കാമെന്ന് ഉറപ്പുനല്‍കിയതോടെ കടക്കാര്‍ സാധനങ്ങള്‍ വാങ്ങിവെച്ചു.
പ്രതികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചതോടെ പോലീസ് നാലുപേരെയും പിടികൂടുകയും കടകളില്‍നിന്ന് അരിയും ഗോതമ്പും കണ്ടെടുക്കുകയുമായിരുന്നു. തട്ടാരമ്പലത്തിലെ സംഭരണകേന്ദ്രത്തില്‍ വന്‍ തട്ടിപ്പു നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സപ്ലൈകോയുടെ വിജിലന്‍സ് വിഭാഗം ഇവിടത്തെ നീക്കിയിരിപ്പു പരിശോധിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതലന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ മോഷ്ടിച്ചതിനും ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണു പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."