മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി ഇന്ന് സ്റ്റേഷനിൽ ഹാജരാകും; സ്റ്റേഷനിലെത്തുക ബിജെപിയുടെ പദയാത്രക്കൊപ്പം
മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി ഇന്ന് സ്റ്റേഷനിൽ ഹാജരാകും; പിന്തുണയുമായി ബിജെപി പ്രവർത്തകരുടെ പദയാത്ര
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും. നടക്കാവ് സ്റ്റേഷനിൽ പൊലിസിന് മുന്നില്‍ സുരേഷ് ഗോപി ഹാരാജാകുന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ നടക്കുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതല്‍ നടക്കാവ് പൊലിസ് സ്റ്റേഷൻ വരെ പ്രവർത്തകരോടൊപ്പം പദയാത്ര നടത്തിയാണ് സുരേഷ് ഗോപി പൊലിസിന് മുന്നിൽ ഹാജരാവുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സുരേഷ് ഗോപിയെ അനുഗമിക്കും.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം ഉണ്ടായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എന്നാൽ സുരേഷ് ഗോപിക്ക് മേലുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ ഇന്ന് തന്നെ ജാമ്യവും നൽകിയേക്കും.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു.
ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില് അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."