വിദ്വേഷ പ്രചാരണം; വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍
മുസ്തഫ മുണ്ടുപാറ
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റാന്‍ മുസ്‌ലിം യുവാക്കള്‍ അവരെ മയക്കുമരുന്ന് നല്‍കി വലയിലാക്കുന്നു എന്ന് യാതൊരു വസ്തുതയും തെളിവുകളുമില്ലാതെ, ഗീബല്‍സിനെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് പാലാ ബിഷപ്പ് വിശ്വാസി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെ പുറത്തുവന്നു താമരശേരി ബിഷപ്പ് ഹൗസിന്റ വക മുസ്‌ലിം സമുദായത്തിനെതിരേ അപസര്‍പ്പക കഥകള്‍ എഴുന്നള്ളിക്കുന്ന വേദപാഠ പുസ്തകവും. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് സമുദായ നേതൃത്വവും സംഘടനകളും പ്രോത്സാഹനം നല്‍കുന്നു എന്ന ആരോപണം വരെയുള്ള പുസ്തകത്തില്‍ അല്ലാഹുവിനെയും അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. പാലാ ബിഷപ്പ് സ്റ്റേജില്‍ കയറിയശേഷം വായില്‍ വന്നത് വിളിച്ചു പറഞ്ഞതല്ല. കൃത്യമായി ആസൂത്രണത്തോടെ എഴുതി തയാറാക്കിയതാണ്.
മദ്യപാനവും മയക്കുമരുന്നും വലിയൊരു സാമൂഹ്യ വിപത്ത് തന്നെയാണ്. ഇസ്‌ലാം കര്‍ശനമായി വിലക്കുന്നതാണ് ലഹരിയുടെ ഉപയോഗം. വീഞ്ഞും വ്യഭിചാരവും യുദ്ധവും അരങ്ങുതകര്‍ത്ത സാമൂഹ്യ പശ്ചാത്തലത്തിലാണ് മുഹമ്മദ് നബി (സ) യുടെ ആഗമനം. വിശുദ്ധ ഇസ്‌ലാമും പ്രവാചകനും ഉയര്‍ത്തിയ വിമോചന മുദ്രാവാക്യം ഇതുള്‍പെടെയുള്ള സാമൂഹിക തിന്മകള്‍ക്കെതിരെയായിരുന്നു . ഈയൊരു സമുദായത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത്. ലഹരി പദാര്‍ഥങ്ങളിലൂടെ ഇസ്‌ലാമിക പ്രചാരണം നടത്തുന്നുവെന്നാണ് വളച്ചുകെട്ടില്ലാതെ ഇവര്‍ പ്രചരിപ്പിക്കുന്നത്. മതം നിഷിദ്ധമാക്കിയ ഒരു കാര്യമുപയോഗിച്ച് ആ മതത്തിന്റെ പ്രചാരണം നടത്തുന്നുവെന്നതിലെ യുക്തിയില്ലായ്മ പരദ്വേഷം തലക്ക് പിടിച്ചതുകൊണ്ടാവാം ബോധ്യപ്പെടാതെ പോയത്.
കേരളത്തിലെ മദ്യപാനത്തിന് അടിമപ്പെട്ടവരുടെ മതം തിരിച്ച കണക്കെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്തീയ സമുദായമാണ്. ഏഴ് ശതമാനമാണ് ക്രിസ്തീയ സമുദായത്തിലെ മദ്യപരുടെ എണ്ണം. രണ്ടാം സ്ഥാനത്ത് ആറ് ശതമാനമുള്ള ഹൈന്ദവ വിഭാഗക്കാരാകുമ്പോള്‍ മുസ്‌ലിം സമുദായം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. കേരളത്തിലെ മദ്യഷാപ്പുകളുടെയും ബീവറേജ് ഔട്ട് ലെറ്റുകളുടെയും കണക്കെടുത്താല്‍ അതിന്റെ ഉടമസ്ഥരില്‍ നാമമാത്രമായി പോലും മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരെ കാണാന്‍ കഴിയില്ല. മദ്യപന്‍മാര്‍ ഏറ്റവും കൂടുതലുള്ള ജില്ല കോട്ടയമാണ്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ നില്‍ക്കുമ്പോള്‍ ഏറ്റവും ഒടുവിലാണ് മലപ്പുറമെന്ന് കാണാം. ലഹരിക്കെതിരെയുള്ള കാംപയിന്‍ ഉദ്ഘാടനം നടക്കേണ്ടത് മലപ്പുറത്തല്ലെന്നര്‍ത്ഥം.
വസ്തുതകള്‍ ഇങ്ങനെ എല്ലാം ആയിരിക്കെയാണ് പാലാ ബിഷപ്പ് മദ്യവും മയക്കുമരുന്നും നിഷിദ്ധമായ മുസ്‌ലിം യുവാക്കള്‍ മയക്കുമരുന്ന് നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന് തട്ടിവിടുന്നത്. വിവാദങ്ങളുടെ കൊടുങ്കാറ്റുകളില്‍പെട്ട് സഭകള്‍ ആടി ഉലയുമ്പോള്‍ ലൗ ജിഹാദ് എന്ന് ആര്‍ത്തുവിളിച്ചു പുകമറ സൃഷ്ടിക്കുന്നത് സമീപ കാലത്ത് ബിഷപ്പുമാരുടെ ഹോബിയായി മാറിയിരിക്കുകയാണ്. ഇത്തവണ ഒരല്‍പ്പം ഡോസ് കൂടിയ ഇനം എടുത്ത് എയറിലിട്ടു എന്നുമാത്രം.
പിതാക്കന്‍മാര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണങ്ങളും ഭൂമി കേസുകളും വരുമ്പോഴും വിശ്വാസ കാര്യങ്ങളിലെ തര്‍ക്കം കൂട്ടയടിയില്‍ കലാശിക്കുമ്പോഴുമാണ് കുര്‍ബാനകളില്‍ക്കിടയില്‍ ലൗ ജിഹാദ് ആരോപണങ്ങള്‍ ഉയര്‍ന്നത്. വിവാദങ്ങളില്‍ നിന്നും മുഖംരക്ഷിക്കാനുള്ള ഹീനമായ മാര്‍ഗം.
സുപ്രിംകോടതിയും ഹൈക്കോടതിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും എന്‍.ഐ.എയും കേരളാ പൊലിസും ഡി.ജി.പിയുമെല്ലാം കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് അസന്നിഗ്ധമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സംഘ്പരിവാരത്തിന്റെ ആലയില്‍ രാകിമിനുക്കിയെടുത്ത കുപ്രചാരണം ക്രൈസ്തവ മത പുരോഹിതര്‍ ഏറ്റെടുത്ത് കേരളത്തിലെ മത സൗഹാര്‍ദ അന്തരീക്ഷത്തെ മലീമസമാക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയില്‍ നിന്നു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ സുവ്യക്തമാകും. എല്ലാ മതവിഭാഗങ്ങളിലുംപെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും മതാതിര്‍ത്തികള്‍ ലംഘിച്ചും കുടുംബത്തെ തള്ളിപ്പറഞ്ഞും ഇതര മതക്കാരൊടൊപ്പം പോകുന്നുണ്ട്. അതിനെ ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍ ചാര്‍ത്തപ്പെടുന്നത് മിതമായി പറഞ്ഞാല്‍ ക്രൂരതയാണ്. കേരളത്തിലെ പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ഗള്‍ഫ് മേഖലയില്‍ ആശുപത്രികളിലെ നഴ്‌സുമാരായും അറബികളുടെ വീടുകളില്‍ ഹോം നഴ്‌സുമാരായും ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ സിംഹഭാഗവും ക്രിസ്തീയ പെണ്‍കുട്ടികളാണ്. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ നിന്ന് അനുദിനം കേട്ടുകൊണ്ടിരിക്കുന്ന അശുഭ വാര്‍ത്തകളെപ്പോലൊരു വാര്‍ത്ത ഇന്നുവരെ ഇവിടങ്ങളില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടില്ല.
പിഞ്ചു കുഞ്ഞുങ്ങളുടെ മനസിനകത്തേക്ക് പര മത ശത്രുതയുടെ വിഷ ബീജമാണ് താമരശ്ശേരി രൂപതയുടെ പാഠപുസ്തകത്തിലൂടെ പുറത്ത് വന്നത്. ഇന്നലെ വരെ പരസ്പരം സ്‌നേഹിച്ചിരുന്നവരെയും സ്‌കൂളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരെയും ശത്രുവായി പ്രഖ്യാപിക്കുകയാണ് രൂപത ചെയ്തത്. കലാലയങ്ങള്‍ തുറക്കുമ്പോള്‍ ഒന്നിച്ച് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ട കുട്ടികളുടെ മനസ്സിലേക്കാണ് ഈ വിഭജനത്തിന്റെ വൈറസ് കയറ്റി വിട്ടതെന്ന കാര്യം മനസ്സിലാക്കാതെ പോയത് എന്തുമാത്രം ഗുരുതരമാണ്. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇടകലര്‍ന്ന് ജീവിക്കുന്ന താമരശ്ശേരി പോലെയുള്ള ഒരു പ്രദേശത്തെ അരമനയില്‍ നിന്ന് ഉഗ്രശേഷിയുള്ള വിഷം പുറത്തു വന്നതെങ്ങനെയെന്ന് നാട്ടുകാര്‍ അത്ഭുതപ്പെടുകയാണ്. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ എല്ലാ നല്ല സംരംഭങ്ങളിലും പങ്കാളിയായ നാട്ടുകാരന്‍ കൂടിയായ അഭിവന്ദ്യ ഇഞ്ചനാനിയേല്‍ പിതാവിനെയോര്‍ത്ത് നാട്ടുകാര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്.
കാര്യങ്ങള്‍ ഇത്രമേല്‍ ഗുരുതരമാണെങ്കിലും കത്തോലിക്കക്കാരൊഴികെയുള്ള ക്രൈസ്തവ പുരോഹിതന്‍മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും പാലാ പിതാവിന്റെയും താമരശ്ശേരി രൂപതയുടെയും നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നത് മത സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരള സമൂഹത്തിന് ആശാവഹമാണ്. എന്നാല്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന തീവ്ര ക്രൈസ്തവ തീവ്രവാദികള്‍ക്ക് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും തണലൊരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി അതിക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം തിരിയാത്തവരാണ് കേരളത്തിലെ മുസ്‌ലിംകളെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.
തന്റെ വിശ്വാസി കൂട്ടത്തെ മൊത്തം മുസ്‌ലിം സമുദായത്തിനെതിരേ തിരിക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേയും പാഠ പുസ്തകത്തില്‍ കടുത്ത വര്‍ഗീയത എഴുതിവിട്ട താമരശ്ശേരി രൂപതക്കെതിരെയും നടപടി വേണമെന്നും പുസ്തകം കണ്ടു കെട്ടണമെന്നും നിരവധി സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ട് കഴിഞ്ഞിട്ട് ദിവസങ്ങളായി. യാതൊരു നടപടിയുമുണ്ടായിട്ടില്ല.എന്നാല്‍ ഇതേ കേരളത്തില്‍ തന്നെ ഇതേതരത്തില്‍ അനുയായികളുടെ മുന്നില്‍ പ്രസംഗിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരേ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് 153 എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്തിന് മതപഠന ക്ലാസില്‍ പെണ്‍കുട്ടികളുടെ വസ്ത്ര ധാരണാ രീതിയെക്കുറിച്ച് സംസാരിച്ചപ്പോഴുള്ള പരാമര്‍ശത്തെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചായിരുന്നു കോഴിക്കോട്ട് ഒരു അധ്യാപകനെതിരേ കേസ് എടുത്തത്.
ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ചു പറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്‍മാരുള്‍പ്പെടെയുള്ളവര്‍ അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക. ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുക. ഇതില്‍പരം നാണക്കേടെന്തുണ്ട്. പാലായിലെ വിവാദ വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. ഇത് പിണറായി സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്.
കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സമുദായങ്ങളെ തമ്മിലടിക്കാന്‍ അവസരമൊരുക്കുകയാണ് അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന അധികാരികള്‍ ചെയ്യുന്നത്. നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കാണിക്കുന്ന പൊട്ടന്‍ കളിയും മധ്യസ്ഥതയുടെ മേലങ്കിയണിഞ്ഞ് അനീതി ചെയ്തവരെ സുഖിപ്പിക്കുന്നതുമെല്ലാം മതേതര വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടെന്നത് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."