പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി; മാറ്റം കോണ്‍ഗ്രസിന് പുതുജീവനാവുമോ?
'ദലിത് രാഷ്ട്രീയത്തെ കുറിച്ച് എല്ലാവരും പറയുന്നു. എന്നാല്‍ സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന കര്‍ഷകനെ, ദലിതനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രം സംഭവിക്കുന്നതാണ്' ചരണ്‍ജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചതാണിത്. മുഖം മാറ്റാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമായി ഈ വിപ്ലവ തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളം ഉള്‍പെടെ പല സംസ്ഥാനങ്ങളിലും പാര്‍ട്ടി അഴിച്ചു പണിയുകയാണ് നേതൃത്വം.
മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുന്ന സംസ്ഥാനത്ത് വിജയം മുന്നില്‍ കണ്ടുള്ള അഴിച്ചുപണിയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ദലിത് സിഖ് നേതാവും അമരിന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ ചുമതലയുമുണ്ടായിരുന്ന ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലും ഈ നീക്കം കാണാം.
പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകണമെന്ന വികാരം ശക്തമാണെന്ന് സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഗവര്‍ണ്ണറെ കാണാന്‍ സുഖ് ജിന്തര്‍ സമയം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ ഈ സമയം പുറത്ത് വന്നിരുന്നു. ദലിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല്‍ 35 ശതമാനത്തോളം വരുന്ന ദലിത് വോട്ടുകള്‍ അനുകൂലമാകുമെന്നും സിദ്ദു വാദിച്ചു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നുവെന്നാണ് വിവരം.
അമരീന്ദര്‍സിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തില്‍ സിദ്ദുവിനൊപ്പം ചേരുകയായിരുന്നു. ഭാവിയില്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുന്‍ നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര്‍ത്തുകയാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, മാറ്റത്തിലൂടെ പഞ്ചാബ് ഉറപ്പിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നു. കേരളത്തില്‍ നടപ്പാക്കിയ മോഡല്‍ തന്നെ പഞ്ചാബിലും പയറ്റുകയാണ് ഹൈക്കമാന്‍ഡ്. അമരിന്ദറിനെ തള്ളി സിദ്ദുവിനെ ചേര്‍ത്തുപിടിക്കുകയാണ് രാഹുല്‍. ഒപ്പം യുവ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ച് വോട്ടുറപ്പിക്കുന്നു. കര്‍ഷക പ്രതിഷേധങ്ങള്‍ അടക്കം അടുത്ത തവണ കോണ്‍ഗ്രസിന് തന്നെ ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു.
അമരിന്ദറിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതു സംസ്ഥാനത്തു നടത്തിയ ആഭ്യന്തര സര്‍വേയ്ക്കു ശേഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യത പരിശോധിക്കാനാണു കഴിഞ്ഞ മാസങ്ങളില്‍ ഹൈക്കമാന്‍ഡ് മുന്‍കയ്യെടുത്ത് സര്‍വേ നടത്തിയത്. അമരിന്ദറിന്റെ പ്രതിച്ഛായ ഇടിഞ്ഞുവെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയാല്‍ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു സര്‍വേ റിപ്പോര്‍ട്ട്.
ജയില്‍, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു വിഭാഗം എം.എല്‍.എമാര്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."