സാമ്പത്തിക പ്രതിസന്ധിക്കുമേല്‍ വട്ടമിട്ടുപറക്കാന്‍ വീണ്ടും ഹെലികോപ്റ്റര്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴൊക്കെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുക എന്നത് സംസ്ഥാനസര്‍ക്കാരിന്റെ സ്ഥായീഭാവമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡ് രൂക്ഷമായിക്കൊണ്ടിരുന്ന വേളയില്‍ ആളുകള്‍ തൊഴിലും കൂലിയുമില്ലാതെ വീടുകള്‍ക്കുള്ളില്‍ പ്രയാസപ്പെട്ട് കഴിയുമ്പോഴാണ് സര്‍ക്കാരിന് ഹെലികോപ്റ്റര്‍ വാങ്ങാന്‍ മോഹമുദിച്ചത്. മാവോയിസ്റ്റുകള്‍ എവിടെയാണ് പതുങ്ങിക്കഴിയുന്നതെന്ന് കണ്ടുപിടിക്കാനായിരുന്നുവത്രെ പൊലിസിന്റെ ഉപദേശപ്രകാരം ഹെലികോപ്റ്റര്‍ വാങ്ങിയത്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഏതെങ്കിലും പൊലിസുകാരന്‍ ഏതെങ്കിലും മാവോയിസ്റ്റിനെ പിടിച്ചതായി ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. 22,21,51,000 രൂപയാണ് ഹെലികോപ്റ്ററിന്റെ വാടകയിനത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കൊടുക്കേണ്ടി വന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ഇതു കൊടുത്തു തീര്‍ത്തത്. വന്‍ ധൂര്‍ത്തും ബാധ്യതയുമാണ് ഈ ഇടപാട് സര്‍ക്കാരിനുവരുത്തിവച്ചത്. അന്നത്തേതിനേക്കാള്‍ പരിതാപകരമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെന്ന് സര്‍ക്കാര്‍ തന്നെയാണ് ഈയിടെ വെളിപ്പെടുത്തിയത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാസംതോറും നല്‍കാനുള്ള തുകയ്ക്കുവേണ്ടി സര്‍ക്കാര്‍ കടമെടുത്തുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ തവണ ഹെലികോപ്റ്റര്‍ വാങ്ങിയത് മാവോയിസ്റ്റിനെ കൈയോടെ പിടികൂടാനായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഹെലികോപ്റ്റര്‍ ഭ്രമം എന്തിന്റെ പേരിലാണ് ? പൊലിസ് തന്നെയാണ് ഇത്തവണയും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് ഇത്തവണ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ തവണ ടെണ്ടര്‍ വിളിക്കാതെയായിരുന്നു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതെന്ന ഒരു വ്യത്യാസം ഉണ്ട്.
കഴിഞ്ഞ തവണ ഡല്‍ഹി പവന്‍ ഹംസ് കമ്പനി നിശ്ചയിച്ച നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിന് മൂന്ന് ഹെലികോപ്റ്ററുകള്‍ നല്‍കാമെന്ന് ബംഗളൂരുവിലെ ഒരു കമ്പനി വാഗ്ദാനം ചെയ്തിട്ടും അതു നിരസിച്ച് കൂടിയ നിരക്കില്‍ ഡല്‍ഹി ആസ്ഥാനമായ കമ്പനിയില്‍നിന്നു തന്നെ ഹെലികോപ്റ്റര്‍ വാങ്ങുകയായിരുന്നു. റെയില്‍ പാളത്തില്‍ മരിച്ചുകിടന്ന വ്യക്തിയുടെ പോക്കറ്റില്‍നിന്നു മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുന്ന എസ്.ഐമാരുള്ള നാടായി കേരളം മാറിയ സ്ഥിതിക്ക് കഴിഞ്ഞ തവണത്തെ ഹെലികോപ്റ്റര്‍ ഇടപാടിനു നേതൃത്വം കൊടുത്ത പൊലിസ് കമ്മിഷന്‍ വാങ്ങിയിട്ടുണ്ടാവില്ലെന്ന് എങ്ങിനെ പറയാനാകും? കഴിഞ്ഞ തവണ ഹെലികോപ്റ്റര്‍ ഒരു വര്‍ഷത്തേക്കായിരുന്നു വാടകയ്‌ക്കെടുത്തിരുന്നതെങ്കിലും അവസാനത്തെ അഞ്ചുമാസം കോപ്റ്റര്‍ ഉപയോഗിച്ചതുപോലുമില്ല.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി മാറ്റാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉത്തരവിടുകയായിരുന്നു. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് സ്ഥിരം പദ്ധതിയാക്കാന്‍ തീരുമാനിച്ചതാണ്. ഇതിനായി കൊച്ചി നാവികസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നു. ഒരു തവണ കേരളത്തിനുള്ളില്‍ പറക്കാന്‍ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
ദോഷം പറയരുതല്ലോ, ഒരു തവണ മുന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റയും ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വയനാട് മേഖലയില്‍ എവിടെയൊക്കെയായിരിക്കാം മാവോയിസ്റ്റുകള്‍ ഒളിഞ്ഞുകിടപ്പുണ്ടാവുക എന്ന് ആകാശത്തുനിന്ന് അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പെട്രോളിനും പാചകവാതകത്തിനും നിത്യേനയെന്നോണം വില കുതിച്ചു കയറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍ക്കാരിന് ഹെലികോപ്റ്റര്‍ മോഹം വീണ്ടുമുദിച്ചത്. ഇന്ധനവില കയറുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരും. അതാണിപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇന്ധന വിലയില്‍നിന്നു കിട്ടുന്ന അധിക നികുതി വേണ്ടെന്നുവച്ച് വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന പൊതുജനത്തിന് അല്‍പമെങ്കിലും ആശ്വാസം പകരുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്.
കോടികള്‍ തുലച്ച് ആകാശത്ത് വട്ടമിട്ടു പറക്കുന്നതുകൊണ്ട് എന്തു ഗുണമാണ് പൊതുജനത്തിനും സര്‍ക്കാരിനും കിട്ടാനുള്ളത്. കഴിഞ്ഞ വര്‍ഷം 22 കോടി രൂപയിലധികം ആകാശത്ത് വട്ടമിടാന്‍ ചെലവാക്കിയിട്ട് കേരള പൊലിസിന് എന്തു ഗുണമാണ് കിട്ടിയത്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ പാവങ്ങള്‍ക്ക് ഉപയോഗപ്പെടേണ്ട ലൈഫ് മിഷന്‍ പദ്ധതി പ്രതിസന്ധിയിലാണെന്നു കാണിച്ച് ഈ മാസം ആദ്യമാണ് ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാരിനു കത്തു നല്‍കിയത്. ഒരു വീടിന് നാലുലക്ഷം രൂപയാണ് ആകെ ചെലവഴിക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരിട്ടു നല്‍കുന്നത്. അതുപോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സി.ഇ.ഒ പറയുന്നു.
പി.ആര്‍ വര്‍ക്കിലൂടെ കോടികള്‍ ചെലവഴിച്ചു പരസ്യപ്രളയം തീര്‍ക്കുന്ന പദ്ധതികളില്‍ ചിലതിന്റെ അവസ്ഥയാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ പല വ്യവസായ സ്ഥാപനങ്ങളും പൂട്ടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് (എച്ച്.ഐ.എല്‍) അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട ഉചിതമായ ചില നടപടികളുണ്ട്. അതില്‍ പ്രധാനമാണ് ചെലവുചുരുക്കല്‍. എന്നാല്‍ ധൂര്‍ത്തിന്റെ വഴിയിലൂടെയാണ് കടം വാങ്ങിയും സംസ്ഥാനത്തിന്റെ സഞ്ചാരം.
ഒരു വ്യക്തിയുടെ വരുമാനം ചെലവിനെക്കാള്‍ കുറവാണെങ്കില്‍ അത് ആ വ്യക്തിയെ സാമ്പത്തികമായി തകര്‍ക്കുന്നതുപോലെ തന്നെ സര്‍ക്കാരിന്റെ സാമ്പത്തികനിലയേയും തകര്‍ക്കും. വിദഗ്ധമായ സാമ്പത്തിക മാനേജ്‌മെന്റ് ഇല്ലാതെ പോയതാണ് വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് ഉണ്ടാകാന്‍ കാരണം. പ്രഗത്ഭനായ ഒരു സാമ്പത്തിക വിദഗ്ധന്‍ സര്‍ക്കാരിനു ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി കാലത്ത് കടം വാങ്ങിയ പണം ആകാശത്തിലൂടെ വട്ടമിട്ടുപറക്കാന്‍ സമ്മതിക്കുമായിരുന്നില്ല. അതും പൊലിസിന്റെ ഉപദേശം കേട്ട്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."