"അംബാനിയുടെ വീടെവിടെയാണ്?" കൗതുകം തേടിയിറങ്ങിയ സഞ്ചാരിയെ അകത്താക്കി പൊലിസ്
മുംബൈ
മുംബൈ പട്ടണത്തിൽ എത്തിയ ഉടനെ ഒരു ടാക്സി ഡ്രൈവറോട് സുരേഷ് വിസാൻജി പട്ടേൽ കൌതുകത്തോടെ ചോദിച്ചു, "മുകേഷ് അംബാനിയുടെ വീടെവിടെയാണ് ?"
പിന്നാലെ സിനിമാക്കഥ പോലെ സംഭവങ്ങൾ. ഒടുവിൽ വീട് കണ്ടില്ലെന്ന് മാത്രമല്ല, പട്ടേലും ഒപ്പമുണ്ടായിരുന്ന സുഹൃത്തും മുംബൈ ജയിലിലുമായി. സൌത്ത് മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആൻ്റീലിയ എന്ന 27 നില ആഡംബര വീട് അന്വേഷിച്ചാണ് കഴിഞ്ഞ ദിവസം പട്ടേലും സുഹൃത്തും നവി മുംബൈയിലെത്തിയത്. വഴിയിൽ ടാക്സി ഡ്രൈവറോട് അംബാനിയുടെ വീട് അന്വേഷിച്ചു.
എന്നാൽ പിന്നീട് നടന്നത് ഇങ്ങനെ. ഒരു സിൽവർ നിറമുള്ള വാഗൺ ആർ കാറിലെത്തിയ രണ്ടുപേർ അംബാനിയുടെ വീട് എവിടെ എന്ന് തന്നോട് ചോദിച്ചെന്ന് ടാക്സി ഡ്രൈവർ പൊലിസ് കൺട്രോൾ റൂമിൽ അറിയിച്ചു. കാറിൽ വലിയ ഒരു ബാഗ് ഉണ്ടെന്നും അവർ ഹിന്ദിയും ഉറുദുവുമാണ് സംസാരിക്കുന്നതെന്നും കുർത്തയും പൈജാമയുമാണ് വേഷമെന്നും ഡ്രൈവർ അറിയിച്ചു. പോരേ പൂരം. ബോംബായിരിക്കുമെന്ന് പൊലിസ് ഉറപ്പിച്ചു. വിവരം അറിഞ്ഞപാടേ അംബാനിയുടെ വീടിന് സായുധ പൊലിസിന്റെ കാവൽ കൂട്ടി.
നേരത്തെ അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയതിനാൽ അതീവ ജാഗ്രതയിലായിരുന്നു പൊലിസ്. തുടർന്ന് ടാക്സി ഡ്രൈവറോട് അംബാനിയുടെ വീട് ചോദിച്ച അജ്ഞാതരെ കണ്ടെത്താൻ പൊലിസ് തലങ്ങും വിലങ്ങും പാഞ്ഞു. സന്ദേശം നൽകി. മഞ്ഞ നമ്പർ പ്ലേറ്റാണ് കാറിൻ്റെതെന്നും ചിലപ്പോൾ വ്യാജമായിരിക്കുമെന്നുവരെ സന്ദേശം പാഞ്ഞു. റോഡിൽ ബാരിക്കേഡായി, ചോദ്യം ചെയ്യലുകളായി, സ്കെച്ച് വരെ തയാറാക്കി. ഒടുവിൽ കണ്ടെത്തി. അജ്ഞാതരെ വളരെ ശ്രദ്ധയോടെ പിടികൂടി അകത്താക്കി. പിന്നീട് ചോദ്യം ചെയ്യൽ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പട്ടേലും സുഹൃത്തും അങ്കലാപ്പിലായി. അംബാനിയുടെ വീട് എവിടെയാണെന്നും എങ്ങനെ ഉണ്ടാകുമെന്നും അറിയാനുള്ള കൌതുകം കൊണ്ടാണ് കാണാനിറങ്ങിയതെന്ന് പട്ടേൽ കേണുപറഞ്ഞു. പക്ഷേ പൊലിസുണ്ടോ വിടുന്നു. ഇൻ്റർനെറ്റിൽ അംബാനിയുടെ വീടും വിവരങ്ങളും ലഭ്യമാണെന്നിരിക്കേ എന്തിനാണ് ഡ്രൈവറോട് ചോദിച്ചതെന്നായി.
ഫോണിൽ ചാർജ് തീർന്നു ഓഫായതിനാലാണ് ടാക്സി ഡ്രൈവറോട് അംബാനിയുടെ വീട് എവിടെയാണെന്ന് ചോദിച്ചതെന്നും പട്ടേൽ വിശദീകരിച്ചു. ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ കഴിയാതിരുന്നതിനാലാണ് ഡ്രൈവറോട് ചോദിച്ചതെന്നും പറഞ്ഞു. പൊലിസുണ്ടോ വിടുന്നു. അംബാനിയെ അല്ലേ അന്വേഷിച്ചത്. പിടിയിലായവർ കുഴപ്പാക്കാരല്ലെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."