വംശഹത്യക്കാരുമായി കൂട്ടില്ല; ഇസ്‌റാഈല്‍ സര്‍വകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്‌പെയിനിലെ 76 യൂനിവേഴ്സ്റ്റികള്‍
മാഡ്രിഡ്: ഇസ്‌റാഈല്‍ സര്‍വകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്‌പെയിനിലെ 76 യൂനിവേഴ്‌സിറ്റികള്‍. ഗസ്സയില്‍ ഫലസ്തീനികള്‍ക്ക് നേരെ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 50 പൊതു സര്‍വകലാശാലകളും 26 സ്വകാര്യ സര്‍വകലാശാലകളുമാണ് സഹകരണം അവസാനിപ്പിച്ചത്.
സ്‌പെയിനിലെ യൂനിവേഴ്‌സിറ്റി റെക്ടര്‍മാരുടെ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്‌റാഈലി സര്‍വകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായുമുള്ള സഹകരണ കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഇവര്‍ അറിയിച്ചു. വിവിധ സ്പാനിഷ് സര്‍വകലാശാലകളില്‍ ഫലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ വിദ്യാര്‍ഥികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇസ്‌റാഈലി സര്‍വകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സ്‌പെയിനിലെ യൂനിവേഴ്‌സിറ്റികളുടെ തീരുമാനം ചരിത്രപരമാണെന്ന് ഗസ്സയിലെ അല്‍ അഖ്‌സ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഹൈദര്‍ ഈദ് പറഞ്ഞു. ഗസ്സയില്‍ ഫലസ്തീനികക്കെതിരെ നടക്കുന്ന വംശഹത്യക്ക് ഉത്തരവാദികളായ ഇസ്‌റാഈലിനെയും അതിന്റെ പങ്കാളികളായ അക്കാദമിക് സ്ഥാപനങ്ങളെയും നിയന്ത്രിക്കാനുള്ള ഉറച്ച തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനത്തെ 'ദ ഫലസ്തീനിയന്‍ കാമ്പയിന്‍ ഫോര്‍ ദെ അക്കാദമിക് ആന്‍ഡ് കള്‍ച്ചറല്‍ ബോയ്‌കോട്ട് ഓഫ് ഇസ്‌റാഈലും (പി.എ.സി.ബി.ഐ)' അഭിനന്ദിച്ചു. സ്പാനിഷ് സര്‍വകലാശാകളുടേതിന് സമാനമായി ഇസ്‌റാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ലോകത്തെ മറ്റു യൂനിവേഴ്‌സിറ്റികളോടും ഇവര്‍ അഭ്യര്‍ഥിച്ചു.
ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ പങ്കാളികളായ ഇസ്‌റാഈലി അക്കാദമിക് സ്ഥാപനങ്ങളുമായും കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ബാഴ്‌സലോണ സര്‍വകലാശാല കൗണ്‍സില്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്‌സിറ്റി കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ പടരുകയാണ്. ചൊവ്വാഴ്ച ലണ്ടന്‍ സ്‌കുള്‍ ഓഫ് ഇക്കണോമിക്‌സലെ വിദ്യാര്‍ഥികള്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സര്‍വകലാശാല കെട്ടിടത്തില്‍ ക്യാമ്പ് സ്ഥാപിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ നിരസിച്ചതോടെയായിരുന്നു പ്രതിഷേധം.
ഇംഗ്ലണ്ടിലെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി 500ലധികം അധ്യാപകരും ജീവനക്കാരും രംഗത്തുവന്നു. ഗസ്സക്കായി ഓക്‌സ്‌ഫോര്‍ഡിന്റെ 'ലിബറേറ്റഡ് സോണ്‍' സ്ഥാപിച്ചാണ് ഇവിടെ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ബ്രിട്ടനില്‍ ഏകദേശം 80ഓളം സ്ഥാപനങ്ങളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."