ഇസ്‌റാഈല്‍ നരനായാട്ട് അവസാനിപ്പിക്കാന്‍ ഉത്തരവിടണം; ദക്ഷിണാഫ്രിക്കയുടെ ഹരജിയില്‍ ലോക നീതിന്യായ കോടതി വിധി ഇന്ന്
ഹേഗ്/റഫ: തെക്കന്‍ ഗസ്സയിലെ റഫയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച പരാതിയില്‍ ലോക നീതിന്യായ കോടതി (ഐ.സി.ജെ) ഇന്ന് വിധി പറയും. ഇത് സംബന്ധിച്ച അപേക്ഷയില്‍ കോടതി നേരത്തെ ദക്ഷിണാഫ്രിക്കയുടെ വാദം കേട്ടിരുന്നു.
റഫയില്‍ ഇപ്പോഴും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ ദരാജ് പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണങ്ങളിലും മറ്റും 10 കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസൈറത്ത് ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ എട്ടുപേരും കൊല്ലപ്പെട്ടു. ജെനിനില്‍ രണ്ടുദിവസമായി നടത്തിവന്ന റെയ്ഡ് ഇന്നലെയോടെയാണ് സയണിസ്റ്റ് സൈന്യം അവസാനിപ്പിച്ചത്. ഇതില്‍ നാലു കുട്ടികളടക്കം 12 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കടുത്ത ഉപരോധവും ആക്രമണങ്ങളെയും തുടര്‍ന്ന് ഇന്ധനക്ഷാമം രൂക്ഷമായതിനാല്‍ മധ്യ ഗസ്സയിലെ അല്‍ അഖ്‌സ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കന്‍ ഗസ്സയിലടക്കം ഇസ്‌റാഈല്‍ ഇപ്പോഴും ആശുപത്രികളെ ലക്ഷ്യംവയ്ക്കുന്നുണ്ട്.ഇതിനിടെ ഗസ്സ വിഷയം സംബന്ധിച്ച് ഇറാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബഗേരി കനി ഫലസ്തീന്‍ പ്രതിനിധി സംഘവുമായി തെഹ്‌റാനില്‍ ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് ഫലസ്തീന്‍ സംഘം ഇറാനിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."