മോദി അജണ്ടയുടെ കടക്കല്‍ കത്തിവെക്കാന്‍ സഖ്യ കക്ഷികള്‍, ഹിന്ദുത്വയും പുറത്തെടുക്കാനാകില്ല; ജയിച്ചിട്ടും ജയിക്കാതെ ബി.ജെ.പി
ന്യൂഡല്‍ഹി: സ്വന്തമായി ഭൂരിപക്ഷം ലഭിക്കാത്തത് തെല്ലൊന്നുമല്ല ബി.ജെ.പിയെ വലച്ചിരിക്കുന്നത്. ഇത്രയും നാള്‍ മുഖമുദ്രയായി കൊണ്ടു നടന്ന പലതും വലിച്ചു കീറി കുട്ടയിലിടേണ്ട അവസ്ഥയിലാണ് മോദിഷാ. പദവികള്‍ക്കായുള്ള വിലപേശലിന് പുറമേ ജെ.ഡി.യു മുന്നോട്ടു വെക്കുന്ന വ്യവസ്ഥകളും ബി.ജെ.പിയെ വലക്കുന്നു. മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി ഘടകകക്ഷികളുടെ വിലപേശലിന് വിധേയമാകുന്നത്.
വാണിജ്യം, റെയില്‍വേ പോലുള്ള സുപ്രധാന വകുപ്പുകള്‍, ബിഹാറിന് പ്രത്യേക പദവി തുടങ്ങിയവയാണ് ജെ.ഡി.യു ആവശ്യപ്പെടുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, കാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ക്കൊപ്പം ലോക്‌സഭാ സ്പീക്കര്‍ പദവി തുടങ്ങിയവയാണ് തെലുഗുദേശം പാര്‍ട്ടിയുടെ ആവശ്യം. ഇതിനെല്ലാം പുറമേ അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കുക, രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുക തുടങ്ങിയവ്യവസ്ഥകളും ബി.ജെ.പിയെ കുരുക്കി ജെ.ഡി.യു മുന്നോട്ട് വെക്കുന്നു.
ഹിന്ദുത്വ അജണ്ടകള്‍ പുറത്തെടുക്കാനുമാകില്ല ഇത്തവണ ബി.ജെ.പിക്ക്. ടി.ഡി.പിയും ജെ.ഡി.യുവും ഏകസിവില്‍ കോഡ് ഉള്‍പ്പെടെയുള്ള വിവാദനിയമനിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഇരുകക്ഷികളുടെയും നേതാക്കളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട്‌ചെയ്യുന്നു. ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചന നടത്തിയിട്ടേ അതു നടപ്പാക്കാവൂ എന്നാണ് ജെ.ഡി.യു നിലപാട്.
മൃഗീയഭൂരിപക്ഷത്തില്‍ വിജയിച്ച കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഘടകക്ഷികളെ മോദി ഒട്ടും പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളില്‍, ഭക്ഷ്യ സംസ്‌കരണം, ഘനവ്യവസായങ്ങള്‍ തുടങ്ങിയ താരതമ്യേന താഴ്ന്ന വകുപ്പുകളാണ് സഖ്യകക്ഷികള്‍ക്ക് ലഭിച്ചിരുന്നത്.
ഇത്തവണയും സുപ്രധാന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്കു വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ തന്നെ കൈവശം വയ്ക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. ഉപരിതല ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും ആരോഗ്യവും വിദ്യാഭ്യാസവും വിട്ടുനല്‍കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ജെ.ഡി.യുവും ടി.ഡി.പിയും കനിയണമെന്നത് പിടിവാശിക്കിടം നല്‍കുന്നുമില്ല.
ഇത്തവണ സഖ്യകക്ഷികളുടെ ചില ആവശ്യങ്ങള്‍ ബി.ജെ.പിക്ക് അംഗീകരിക്കേണ്ടി വന്നേക്കും. ജെ.ഡി.യുവിന് പഞ്ചായത്തിരാജ്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ വാഗ്ദാനം ചെയ്‌തേക്കാം. തെലുഗുദേശം പാര്‍ട്ടിക്ക് വ്യോമയാനം, സ്റ്റീല്‍ എന്നിവ ലഭിച്ചേക്കാം. ധനം, പ്രതിരോധം തുടങ്ങിയ വലിയ വകുപ്പുകളില്‍ സഹമന്ത്രിമാരുടെ ചുമതലകളില്‍ സഖ്യകക്ഷികളുടെ എം.പിമാരെ ഉള്‍പ്പെടുത്തിയേക്കും. വിനോദസഞ്ചാരം, നൈപുണ്യ വികസനം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ വകുപ്പുകള്‍ കൈമാറാനും ബി.ജെ.പി തയാറായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."