സുപ്രഭാതം വാർത്ത ഫലം കണ്ടു; ആദിവാസി ദലിത് വിദ്യാർഥികൾക്ക് ഇ-ഗ്രാൻഡ് ഉടൻ; മന്ത്രി കേളുവിൻ്റെ ആദ്യ പ്രഖ്യാപനം
കൊച്ചി: ആദിവാസി ദലിത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന ഇ- ഗ്രാൻഡുകൾ ഉടൻ വിതരണം ചെയ്യുമെന്നു സർക്കാർ. ദലിത് ആദിവാസി വിദ്യാർഥികളുടെ ഗ്രാൻഡ് വിതരണം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇ-ഗ്രാൻഡ് വിതരണത്തിന്റെ കാലതാമസംകൊണ്ട് നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങിയത് സുപ്രഭാതം കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന ഇ-ഗ്രാൻഡ് മുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്. ഇക്കാരണത്താൽ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങുന്നുണ്ടെന്നായിരുന്നു വാർത്ത. ഇതിനോടകം ചില ർ പഠനം പൂർണമായും ഉപേക്ഷിച്ച് ഊരുകളിലേക്കു മടങ്ങയിരുന്നു. നിരവധിപേർ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും വാർത്തയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ചുമതലയേറ്റ മന്ത്രി ഒ.ആർ കേളു സഭയിലെ ആദ്യ മറുപടിയായാണ് ആദിവാസി ദലിത് വിദ്യാർഥികളുടെ ഗ്രാൻഡ് ഉടൻ അനുവദിക്കും എന്ന പ്രഖ്യാപനം നടത്തിയത്. മാണി സി.കാപ്പൻ്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഗ്രാൻഡുകൾ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാൻ നടപടിയെടുക്കും എന്ന് മന്ത്രി വ്യക്തമാക്കി. കരഘോഷത്തോടെയാണ് മറുപടിയെ സഭ സ്വാഗതം ചെയ്തത്.
2024-25 വർഷത്തെ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 46 കോടി രൂപ വിതരണം ചെയ്തു. കുടിശ്ശിക വിതരണത്തിനായി അധിക ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ച് വരുന്നതായും മന്ത്രി മറുപടി നൽകി. അതേസമയം അർഹരായ എല്ലാ വിദ്യാർഥികൾക്കും എത്രയും വേഗത്തിൽ കുടിശ്ശികരഹിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലും അറിയിച്ചു.
മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ലപ്സം ഗ്രാൻഡ്, ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, പോക്കറ്റ് മണി തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിച്ചു വരുന്നുണ്ട്. ഇതിനായി ഒരു വർഷം ഏകദേശം 35 കോടി രൂപ വേണ്ടി വരുന്നുണ്ട്. 2023-24 വർഷത്തിൽ വിദ്യാഭ്യാസ ആനുകൂല്യത്തിനായി വകയിരുത്തിയിരുന്ന 702 ലക്ഷം രൂപയും നോൺ പ്ലാനായി വകയിരുത്തിയിരുന്ന 25 കോടി രൂപയും പൂർണമായും അനുവദിച്ചിരുന്നു. ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്ത ബോർഡുകൾക്ക് സർക്കാരിൻ്റെ പ്രത്യേക ധനസഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഫ്രീഷിപ്പ് സംവിധാനം പൂർണമായി നടപ്പാക്കാത്തതിൽ വിദ്യാർഥികൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."