പ്ലസ് വണ്‍: മലപ്പുറത്തിന് പ്രതീക്ഷ, നിരാശ
മലപ്പുറം: ജില്ലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാനായി അധിക ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ഒരേ സമയം പ്രതീക്ഷയും നിരാശയും നല്‍കുന്നത്. 120 അധിക ബാച്ചുകളിലൂടെ 6,000 വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്നത് ആശയറ്റ ആയിരക്കണക്കിന് പേര്‍ക്ക് പ്രതീക്ഷയാണ്. അതേസമയം അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും തുടര്‍പഠനത്തിന് അവസരമില്ലെന്നതും ഒപ്പം ഒരു ബാച്ച് പോലും സയന്‍സിന് അനുവദിച്ചില്ലെന്നുള്ളതും നിരാശ ജനിപ്പിക്കുന്ന വസ്തുതയാണ്. ജില്ലയിലെ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 61 കൊമേഴ്‌സ് ബാച്ചുകളും 59 ഹ്യുമാനിറ്റീസ് ബാച്ചുകളുമാണ് അധികമായി ലഭിച്ചത്. 20 ശതമാനം മാര്‍ജിനല്‍ വര്‍ധനവ് കൂടി പരിഗണിച്ചാല്‍ 1,200 സീറ്റുകള്‍ കൂടി ലഭിക്കും. ഇത് 30 ശതമാനമായാല്‍ 1800 സീറ്റുകള്‍ വരെ ഉണ്ടാകും. അപ്പോഴും പരമാവധി 7,800 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അവസരം ലഭിക്കൂ.
സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ജില്ലയില്‍ 16,879 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ 6,999 പേര്‍ക്ക് ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അവസരം ലഭിച്ചു. അവസരം ലഭിക്കാത്ത 9,880 പേരില്‍ നിന്നും ആകെ 6,000 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സാധാരണ ഗതിയില്‍ അധിക ബാച്ചിലൂടെ അവസരം ലഭിക്കൂ. 3791 കുട്ടികള്‍ അപ്പോഴും അവസരം ലഭിക്കാതെ പുറത്തരിക്കേണ്ടി വരും. മാര്‍ജിനല്‍ വര്‍ധനവ് കൂടി പരിഗണിച്ചാലും രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പുറത്തുതന്നെയാവും. പഠിച്ച് മാര്‍ക്ക് നേടിയിട്ടും തുടര്‍ പഠനത്തിന് അവസരമില്ലാത്ത വിദ്യാര്‍ഥികളുടെ കണക്കുകള്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റോടെ വ്യക്തമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."