ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി
ചണ്ഡീഗഡ്: ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്. മഹേന്ദ്രഗഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ റാവു ദൻ സിങ്ങിൻ്റെ വീട്ടിൽ കേന്ദ്ര ഏജൻസി നടത്തിയ പരിശോധനയ്ക്ക് രണ്ട് ദിവസത്തിന് ശേഷമാണ് പൻവാറിൻ്റെ അറസ്റ്റ്.
സോനിപത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദർ പൻവാർ. ഹരിയാനയിലും രാജസ്ഥാനിലും ഇദ്ദേഹത്തിന് ഖനന പ്രവർത്തനങ്ങൾ ഉണ്ട്. ശനിയാഴ്ച രാവിലെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയ ഇ.ഡി സംഘം എംഎൽഎയുടെ മകനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
യമുനാനഗർ, സോനിപത്, മറ്റ് നിരവധി ജില്ലകളിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഹരിയാന പൊലിസ് മുമ്പ് രജിസ്റ്റർ ചെയ്ത ഒന്നിലധികം പ്രഥമ വിവര റിപ്പോർട്ടുകളിൽ (എഫ്ഐആർ) ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. ഇ.ഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കള്ളപ്പണം വെളുപ്പിക്കൽ സൂചിപ്പിക്കുന്ന നിരവധി കുറ്റകരമായ രേഖകളും പൻവാറിൻ്റെ വസതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ഇ.ഡി അറിയിച്ചു.
2019ൽ സോനിപത്ത് നിയമസഭാ സീറ്റിൽ ബി.ജെ.പിയുടെ കവിതാ ജെയിനിനെ പരാജയപ്പെടുത്തിയാണ് പൻവാർ വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 59.51 ശതമാനം പൻവാറിന് ലഭിച്ചപ്പോൾ കവിത ജെയിനിന് 34.88 ശതമാനം വോട്ടാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."