കെ. വാസുകിയെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ വിവാദം; വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണം തള്ളി സര്‍ക്കാര്‍
തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള സഹകരണത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥ കെ. വാസുകിയെ വിദേശകാര്യ സെക്രട്ടറിക്ക് തുല്യമായ തസ്തികയിലേക്ക് നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി വിചിത്രമെന്ന വിമര്‍ശനം ഉയരുന്നു.
വിദേശകാര്യ ഇടപെടലുകള്‍ക്കുള്ള പൂര്‍ണ അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നിരിക്കെ അതിനെ മറികടക്കുംവിധത്തിലുള്ള നീക്കമാണിതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഈ മാസം 15നാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് വിദേശ ഏകോപനം (എക്‌സ്‌റ്റേണല്‍ കോഡിനേഷന്‍) ഡിവിഷന്റെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വാസുകി വഹിക്കുമെന്നാണ് ഉത്തരവ്. വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്.
നോര്‍ക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആണ് സാധാരണയായി ഈ ചുമതല വഹിക്കുന്നത്. നേരത്തെ നോര്‍ക്ക സെക്രട്ടറിയായിരുന്ന സുമന്‍ ബില്ല ഈ ചുമതല വഹിച്ചിരുന്നു. നോര്‍ക്കയുടെ നിലവിലെ സെക്രട്ടറി കെ. വാസുകിയെ സമാന തസ്തികയിലേക്ക് നിയമിക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. അതിനിടെ, നിയമനം വിമര്‍ശനത്തിനിടയായതിനു പിന്നാലെ വാസുകിയെ നോര്‍ക്കയുടെ ഡയരക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.
വാസുകിയെ സഹായിക്കാന്‍ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പിനെയും ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിദേശകാര്യ സര്‍വിസില്‍ നിന്ന് വിരമിച്ച വേണു രാജാമണിയെ വിദേശ രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താനുള്ള ചുമതലനല്‍കി ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. ടോം ജോസ് ചീഫ്‌സെക്രട്ടറിയായിരിക്കെ 2020ല്‍ വിദേശ രാജ്യങ്ങളുമായും ഏജന്‍സികളുമായും ഇടപെടാന്‍ മാന്‍പവര്‍ സ്‌പെഷല്‍ സെല്ലും രൂപീകരിച്ചിരുന്നു. വിമര്‍ശനമുയര്‍ന്നതോടെ സര്‍ക്കാര്‍ പിന്നീട് ഈ സെല്‍ പിരിച്ചുവിടുകയായിരുന്നു.
അതേ സമയം, വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണം തള്ളി സര്‍ക്കാര്‍. വിദേശ ഏജന്‍സികള്‍, വിദേശ രാജ്യങ്ങളുടെ എംബസികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധിസംഘങ്ങള്‍ എന്നിവയും സംസ്ഥാന സര്‍ക്കാരുമായുള്ള എകോപനത്തിനായാണ് ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരണം. ഈ ചുമതല ഇതു വരെ വഹിച്ചിരുന്ന സുമന്‍ബില്ല കേന്ദ്രസര്‍വിസിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സാമൂഹികമാധ്യമത്തിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."