നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന ആവശ്യവുമായി കെ.എസ്.യു
കൊച്ചി: സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഈ ആവശ്യം കെ.എസ്.യു സംസ്ഥാന സർക്കാരിനെ അറിയിക്കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമ വിദ്യാർഥികൾക്കായുള്ള ലോകോസ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പല സർവകലാശാലകളും വിദ്യാർഥിവിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തയാറാകാത്തതിന് പുറമേ പുനഃമൂല്യനിർണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെന്ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും അലോഷ്യസ് വ്യക്തമാക്കി.
സംസ്ഥാന കൺവീനർ ശ്രീജിത്ത് പുലിമേൽ അധ്യക്ഷനായി. 21 നിയമ കലാലയങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറിമാരായ മുബാസ് ഓടക്കാലി,അൽ അമീൻ അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് കെ.എം കൃഷ്ണലാൽ, ജെയിൻ പൊട്ടക്കൻ, ജിഷ്ണു രാഘവ്, തൗഫീക്ക് രാജൻ, ജോയൽ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."