താനൂരില്‍ ബോട്ടടുപ്പിക്കലും മത്സ്യം കോരലും; തര്‍ക്കത്തിനു പരിഹാരം
മലപ്പുറം: താനൂര്‍ തുറമുഖത്തു ബോട്ടുകള്‍ അടിപ്പിക്കുന്നതിനും ബോട്ടുകളില്‍നിന്നു മത്സ്യം കോരുന്നതും സംബന്ധിച്ചു മൂന്നു മാസത്തോളമായുള്ള തര്‍ക്കം പരിഹരിച്ചു. ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ നേരത്തേ പത്തോളം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തര്‍ക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാഹചര്യമുള്ളതിനാല്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഹൈക്കോടതി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. താനൂര്‍ കടപ്പുറത്ത് ബോട്ട് അടുക്കുന്നതിനും അതില്‍നിന്നു മീന്‍ വാരുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നായിരുന്നു പരാതിക്കാരുടെ മുഖ്യ ആവശ്യം. നിലവിലുള്ള ഒന്‍പതു വള്ളങ്ങളില്‍ താനൂരിലുള്ള മൂന്നു വള്ളങ്ങളില്‍നിന്നു മത്സ്യം വാരുന്നതിനുള്ള അവകാശം പരാതിക്കാര്‍ക്കു നല്‍കാനും പരപ്പനങ്ങാടിയില്‍നിന്നു താനൂര്‍ കടപ്പുറത്തു വരുന്ന ആറു വള്ളങ്ങളില്‍ മൂന്നെണ്ണത്തില്‍നിന്നു മത്സ്യം വാരുന്നതിനുള്ള അവകാശം എതിര്‍കക്ഷികള്‍ക്കു നല്‍കാനും തീരുമാനിച്ചു.
പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്യുന്നവരാണ് തങ്ങളെന്നും കോരുന്നതിന്റെ കൂലി മാത്രമേ വാങ്ങുന്നുള്ളൂവെന്നും തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍നിന്നു തൊഴിലാളികളെ അടര്‍ത്തി പുതിയതുണ്ടാക്കുന്നതു തൊഴില്‍ നഷ്ടപ്പെടുത്തുമോയെന്നും തൊഴിലാളികള്‍ ആശങ്ക പ്രകടിപ്പിച്ചു. കോടതി നിര്‍ദേശപ്രകാരം തീരുമാനമെടുക്കാന്‍ ശ്രമിക്കണമെന്നും ആരുടെയും ഉപജീവനം നഷ്ടപ്പെടാനിടയാകരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ പരാതിക്കാര്‍, എതിര്‍ കക്ഷികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമേ ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ, എ.ഡി.എം സി.പി സയ്യിദലി, ജില്ലാ ലേബര്‍ ഓഫിസര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."