എട്ടിലെ 82% കുട്ടികൾക്ക് മാതൃഭാഷ അറിയില്ല: കൂപ്പുകുത്തി മലയാള പഠനം
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസം കൂപ്പുകുത്തുകയാണെന്നും പഠന നിലവാരം പിന്നോട്ടടിക്കുകയാണെന്നും ദേശീയ വിദ്യാഭ്യാസ സർവേ. ആറാം തരത്തിലെ കുട്ടികളിൽ 19.2 ശതമാനം പേർക്ക് രണ്ടാം ക്ലാസിലെ മലയാളം പുസ്തകം വായിക്കാൻ അറിയില്ല. ഏഴാം ക്ലാസിലെ 11 ശതമാനം പേരും എട്ടിലെ 9.7 ശതമാനം പേരും രണ്ടാം ക്ലാസിലെ മലയാളം വായിക്കാൻ അറിയാത്തവരാണെന്നും സർവേ പറയുന്നു.
2014ൽ സർക്കാർ സ്‌കൂളിലെ എട്ടാം തരം വിദ്യാർഥികളിൽ 89.2 ശതമാനം പേർക്ക് രണ്ടാം തരത്തിലെ മലയാളം വായിക്കാൻ കഴിയുമായിരുന്നെങ്കിൽ 2024ൽ 82 ആയി കുറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ ഇത് 88.1ൽ നിന്ന് 87.2 ആയും കുറഞ്ഞിട്ടുണ്ട്. ആൺകുട്ടികൾക്കിടയിൽ വായിക്കാനറിയുന്നവർ കുറഞ്ഞപ്പോൾ പെൺകുട്ടികളിൽ കൂടിയിട്ടുണ്ട്. എട്ടാം ക്ലാസിൽ അക്ഷരം വായിക്കാനറിയാത്തവർ 0.4 ശതമാനം ഉണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
എട്ടാം തരത്തിലെ 32.7 ശതമാനം പേർക്ക് 100 വരെ അക്കങ്ങൾ തിരിച്ചറിയാമെങ്കിലും കിഴിക്കാനോ ഹരിക്കാനോ അറിയില്ല. 2014ൽ ഹരണം എട്ടാം തരത്തിൽ അറിയാവുന്നവർ സർക്കാർ സ്‌കൂളിൽ 52.2 ശതമാനവും സ്വകാര്യ എയ്ഡഡ് സ്‌കൂളിൽ 64.3 ശതമാനവും ഉണ്ടായിരുന്നു. 2024ൽ ഇത് യഥാക്രമം 31, 46.2 എന്നിങ്ങനെ കുറഞ്ഞു. 2022നെ അപേക്ഷിച്ച് ആൺകുട്ടികളിൽ 6.5ശതമാനം കുറവുണ്ടായപ്പോൾ പെൺകുട്ടികളിൽ 4.4 ശതമാനമാണ് കുറവ്. കേരളത്തിൽ കായികാധ്യാപകരുള്ളത് മൂന്നിലൊന്ന് സ്‌കൂളുകളിൽ മാത്രമാണ്.
2018ൽ 62 ശതമാനം സ്‌കൂളുകളിൽ കായികാധ്യാപകരുണ്ടായിരുന്നത് 34.1ആയി കുറഞ്ഞതായാണ് ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ട് (2024) വ്യക്തമാക്കുന്നത്. കുട്ടികളിൽ ഭൂരിപക്ഷവും എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലാണ്. ആറു മുതൽ 14 വരെ ക്ലാസുകളിലെ കുട്ടികളിൽ 44.5 പേർ സർക്കാർ വിദ്യാലയങ്ങളിലും 54 ശതമാനം പേർ സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളിലുമാണ് പഠിക്കുന്നത്. 15-16 വയസുകാരിലെത്തുമ്പോൾ സർക്കാർ വിദ്യാലയങ്ങളിലാണ് കൂടുതൽ കുട്ടികൾ. 55.4 ശതമാനം സർക്കാർ വിദ്യാലയങ്ങളിലും 43 ശതമാനം എയ്ഡഡ്, സ്വകാര്യ മേഖലയിലും ആണ്. പെൺകുട്ടികളാണ് കൂടുതലും സ്വകാര്യമേഖലയെ ആശ്രയിക്കുന്നത്.
ആറു വർഷത്തിനിടെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞു. 1-5 ക്ലാസുകളിൽ 2018ൽ 43.4 ശതമാനം കുട്ടികൾ സർക്കാർ സ്‌കൂളുകളിലായിരുന്നത് 2024ൽ 42.4 ആയി. പെൺകുട്ടികളിൽ 50.8 എന്നത് 43.1ആയും താഴ്ന്നു. 6-8 ക്ലാസുകളിലെ ആൺകുട്ടികളിൽ 53.4 ആയിരുന്നു. ഇത് 48.2 ആയും പെൺകുട്ടികളിൽ 55.3 എന്നത് 48 ആയും കുറയുകയാണുണ്ടായത്.
14 വയസുള്ള കുട്ടികളിൽ 24.9 ശതമാനം പേർക്കും സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ട്. 16 വയസുള്ളവരിൽ ഫോൺ സ്വന്തമായുള്ളവർ 34.6 ശതമാനമായി. ആൺകുട്ടികളിൽ 33.4 പേരും ഫോണിന്റെ ഉടമകളെങ്കിൽ പെൺകുട്ടികളിൽ ഇത് 25.3 ആണ്.
പതിനാലുകാരിൽ 78.8 പേരും പഠനാവശ്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കാനറിയാവുന്നവരാണ്. 87.6 പേർക്ക് സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടാനും 71.6 പേർക്ക് പ്രൊഫൈൽ രൂപപ്പെടുത്താനും 72.8 കുട്ടികൾക്ക് പാസ്‌വേഡ് മാറ്റാനും കഴിയുന്നു. ആൺകുട്ടികളാണ് മുന്നിൽ-83.9 ശതമാനം. 60ൽ താഴെ കുട്ടികളുള്ള സ്‌കൂളുകളുടെ എണ്ണം 2022ൽ 28.7 ആയിരുന്നത് ഇപ്പോൾ 41.4 ആയി വർധിച്ചു. 89.9 ശതമാനം സ്‌കൂളിലും സർവേ സന്ദർശന ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയിരുന്നു. 99.4 സ്‌കൂളിലും പ്രത്യേക അടുക്കള ഉണ്ട്. കുടിവെള്ളം ലഭ്യമായിരുന്നത് 57.3 ശതമാനം സ്‌കൂളുകളിൽ. 36.1 സ്‌കൂളുകളിൽ സൗകര്യമുണ്ടെങ്കിലും അന്ന് വെള്ളം ലഭ്യമായിരുന്നില്ല.
ഉപയോഗയോഗ്യമായ ശുചിമുറി 85.6 സ്‌കൂളിലും ഉണ്ട്. 82.5 സ്‌കൂളിലും പെൺകുട്ടികൾക്ക് പ്രത്യേക ശുചിമുറി ലഭ്യമാണ്. ലൈബ്രറി ഇല്ലാത്ത സ്‌കൂളുകൾ 12.3 മാത്രം. ഉപയോഗിച്ചു കണ്ടത് 20.6 ശതമാനം സ്‌കൂളുകളിൽ. വൈദ്യുതി 97.4 സ്‌കൂളിലുമുണ്ട്. കമ്പ്യൂട്ടർ ഇല്ലാത്ത സ്‌കൂളുകൾ 29.8 ആണെങ്കിൽ കുട്ടികൾ ഉപയോഗിക്കുന്നതായി കണ്ടത് 14.9ൽ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."