തെരുവുനായയുടെ സുഹൃത്തുക്കള്‍ കാണുന്നില്ലേ... റിഫയുടെ ദുരിതജീവിതം
വെട്ടത്തൂര്‍: തെരുവു നായയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നവര്‍ക്കെതിരേ കുപ്രചാരണം നടത്തുന്നവര്‍ വെട്ടത്തൂരിലെത്തണം. ഗ്രാമപഞ്ചായത്തിലെ തേലക്കാട് അരക്കുപറമ്പന്‍ റാഷിദിന്റെ മകള്‍ റിഫ ഫാത്തിമയുടെ സ്ഥിതിയെന്തന്നറിയണം. തെരുവുനായയുടെ കടിയേറ്റു 14 മാസം കഴിഞ്ഞുട്ടും സംസാരിക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ വിധിയോടു പോരാടുകയാണ് ഈ നാലു വയസുകാരി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നു വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴാണു റിഫയെ തെരുവു നായ കടിച്ചത്. ഉടനെ മഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുവഭപ്പെട്ടതിനെത്തുടര്‍ന്നു പിന്നീടു പെരിന്തല്‍മണ്ണ ഗവ.ആശുപത്രിയില്‍ എത്തിച്ചു. പേവിഷ ബാധയാണെന്നറിഞ്ഞതോടെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. ഇവിടെ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയെന്നല്ലാതെ ആവശ്യമായ ചികില്‍സയും മറ്റും ലഭിക്കാതെ വന്നതോടെ വീണ്ടും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലായി. മാസങ്ങളോളം ചികില്‍സ തേടിയെങ്കിലും ഫലമുണ്ടായില്ല.
അപ്പോഴേക്കും കുട്ടിയുടെ ശരീരമാകെ മെലിഞ്ഞു കൈകാലുകളും മറ്റും തളര്‍ന്നിരുന്നു. സമീപവാസികളില്‍ നിന്നും മറ്റും കേട്ടറിഞ്ഞു രോഗശമനത്തിനായി ബംഗളുരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മസ്തിഷ്‌കത്തിന് വൈറസ് ബാധിച്ചതായും പ്രതിവിധികള്‍ നടത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.
ബംഗളുരുവില്‍ നിന്നു തിരിച്ചു വീട്ടിലെത്തി. പിന്നീട് നാട്ടുചികില്‍സയില്‍ മാസങ്ങളോളം ചെലവഴിച്ചു. ഇപ്പോഴും ഈ ചികില്‍സയാണു തുടരുന്നത്. എങ്കിലും കിടക്കുന്ന കിടപ്പില്‍ നിന്നു ചലിക്കാന്‍ പോലും ഇവള്‍ക്കു കഴിയില്ല. വായില്‍ ഒഴിച്ചു കൊടുത്താല്‍ കുറച്ചെങ്കിലും ഭക്ഷണം കഴിക്കും.
കളിച്ചും ചിരിച്ചും നടന്നിരുന്ന റിഫയുടെ ദയനീയാവസ്ഥ ഇന്നു വീട്ടുകാരേയും നൊമ്പരപ്പെടുത്തുകയാണ്. പൊന്നുമോള്‍ക്കു വേണ്ടി വിധിയെ പഴിച്ചു ദൈവത്തോട് തേടുകയാണ് ഈ കുടുംബം ഒന്നടങ്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."