കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം
വെനസ്വെല: കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ വീണ്ടും ബ്രസീൽ-അർജന്റീന പോരാട്ടം. നാളെ ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം നടക്കുക. നിലവിൽ ഫൈനൽ റൗണ്ട് ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും അർജന്റീന രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവുമായി ഒമ്പത് പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത്. എന്നാൽ ഗോൾ വ്യത്യസത്തിൽ മുന്നിലെത്തിയതിനാലാണ് ബ്രസീൽ ഒന്നാമത് തുടരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം വിജയവും സമനിലയും ആയി എട്ട് പോയിന്റോടെയാണ് അർജന്റീന രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും തോൽവിയും ആയി ആറ് പോയിന്റാണ് ബ്രസീലിന് ഉണ്ടായിരുന്നത്.
ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ കാനറിപ്പടയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീനയുടെ യുവസംഘം തകർത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ തോൽവിക്ക് കണക്ക് തീർക്കാൻ ബ്രസീലും വിജയം ആവർത്തിക്കാൻ അർജന്റീനയും കളത്തിൽ ഇറങ്ങുമ്പോൾ മത്സരം ആവേശകരമാവുമെന്നുറപ്പാണ്.
അതേസമയം ബ്രസീലിനെതിരെയുള്ള ആദ്യ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി യുവതാരം ക്ലോഡിയോ എച്ചെവെരി ഇരട്ടഗോൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇയാൻ സുബിയാബ്രെയിലൂടെ അർജന്റീന ഗോളടി മേളം തുടങ്ങി.
രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോയിലൂടെ അർജന്റീന രണ്ടാം ഗോളും നേടി. പിന്നീട് 12ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഇഗോർ സെറോറ്റെയുടെ സെൽഫ് ഗോളും വന്നതോടെ അർജന്റീന തുടക്കത്തിൽ തന്നെ ബ്രസീലിനെതിരെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയ അർജന്റീന രണ്ടാം പകുതിയിലും തങ്ങളുടെ ഗോളടി മികവ് ആവർത്തിക്കുകയായിരുന്നു.
52ാം മിനിറ്റിൽ അഗസ്റ്റിൻ റൂബെർട്ടോയിലൂടെ അർജന്റീന നാലാം ഗോൾ നേടി. രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോ എച്ചെവെരി വീണ്ടും ലക്ഷ്യം കണ്ടതോടെ അർജന്റീന അഞ്ചു ഗോളുകൾക്ക് മുന്നിട്ടുനിന്നു. ഒടുവിൽ 78ാം മിനിറ്റിൽ സാന്റിയാഗോ ഹിഡാൽഗോ ആറാം ഗോളും നേടി ബ്രസീലിന്റെ പതനം പൂർത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."