റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൃത്യത്തിന് ശേഷം പ്രതി പൊട്ടിച്ചെടുത്ത മിന്നു മാല മക്കള്‍ക്ക് നല്‍കാന്‍ കോടതി വിധിച്ചു.
2014 ഡിസംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ റീനയെ സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് മനോജ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്നും പതിനൊന്നും വയസ് പ്രായമുള്ള ആണ്‍മക്കളുടേയും റീനയുടെ അമ്മയുടേയും മുന്നില്‍വെച്ചായിരുന്നു തലയില്‍ ഇഷ്ടിക കൊണ്ട് ഇടിച്ച് ക്രൂര കൊലപാതകം. ഇതിന് പുറമേ റീനയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ച് കീറുകയും ചെയ്തു. നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയ റീനയുടെ തലയില്‍ പ്രതി ജാക്കി ലിവര്‍ ഉപയോഗിച്ച് വീണ്ടും അടിക്കുകയും ചെയ്തു. തലയിലേറ്റ പതിനേഴ് ഗുരുതര മുറിവുകളായിരുന്നു മരണകാരണം.
റീനയുടെ സ്ഥലംവിറ്റ പണം കൊണ്ട് അമ്മ വെച്ചുകൊടുത്ത പുതിയ വീട്ടില്‍വെച്ചായിരുന്നു അരുംകൊല നടന്നത്. ആദ്യം മക്കളെ പ്രതി വശത്താക്കി അനുകൂല മൊഴി കൊടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് മക്കള്‍ വിചാരണയില്‍ കൃത്യമായി പ്രതിക്കെതിരെ മൊഴി നല്‍കി.
പിന്നീട് പ്രതി മറ്റൊരു വിവാഹം കഴിച്ച് കൊല നടത്തിയ വീട്ടില്‍ തന്നെ താമസിച്ചുവരികയായിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരുന്നു. റാന്നി പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."