നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
ന്യൂഡൽഹി: കഴിഞ്ഞ ഒമ്പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്കു മടങ്ങുന്നു. ഇവരെ തിരികെ കൊണ്ടുവരുന്നതിനായി സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 (വെള്ളിയാഴ്ച വൈകിട്ട് 7:03 GMT) മുതലാണ് ദൗത്യം ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച് മാർച്ച് 20നായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക. നേരത്തെ ബഹിരാകാശ നിലയത്തിലേക്കു പോകേണ്ടിയിരുന്ന സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവച്ചതിനെ തുടർന്നാണ് സുനിത വില്യംസിനെയും സംഘത്തെയും തിരികെ കൊണ്ടുവരാൻ താമസം നേരിട്ടത്. പുതിയ ദൗത്യത്തിനൊരുങ്ങുന്ന സംഘത്തിൽ നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരടങ്ങിയ സംഘമാണ് ഉൾപ്പെട്ടിരിക്കുന്നത്. ദൗത്യത്തിന് നേരിട്ട സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമേ വിക്ഷേപണം നടത്തുകയുള്ളുവെന്നും ബഹിരാകാശ യാത്രികരുടെ സുരക്ഷയാണ് ഏറ്റവും മുൻഗണനയെന്നും നാസ കഴിഞ്ഞ ദിവവസം വ്യക്തമാക്കിയിട്ടുണ്ട്.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ്ഉം ചേർന്നാണ് ക്രൂ 10 ദൗത്യം നടത്തുന്നത്. 2024 ജൂൺ 5-നായിരുന്നു സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ 13ഓടെ തിരികെ വരാനായിരുന്നു ഇവരുടെ ആദ്യം നിശ്ചയിച്ച തീരുമാനമെങ്കിലും ബഹിരാകാശ പേടകവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര നീളുകയായിരുന്നു. മനുഷ്യരെ ബഹിരാകാശത്തിലേക്ക് കൊണ്ടുപോകുന്ന ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച്, മാർച്ച് 20ന് ഇരുവരും ഭൂമിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."