മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മ
മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. മൂന്ന് പെണ്‍കുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേല്‍പ്പിച്ചിരിക്കുന്നത്. 5, 6, 11 വയസുള്ള കുട്ടികളെയാണ് പരുക്കേല്‍പ്പിച്ചത്. കേസില്‍ ബിഹാര്‍ സ്വദേശികളായ ഷീല ദേവി, ഭര്‍ത്താവ് രാജേഷ് ശര്‍മ എന്നിവര്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയില്‍ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാര്‍ വിവരങ്ങള്‍ തേടിയത്.നടുക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഉടന്‍ തന്നെ അരീക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവില്‍ അണുബാധ വന്നിട്ടുണ്ട്.
ഇതിന് മുന്‍പും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പല ദിവസങ്ങളിലായി ഇവര്‍ കുട്ടികളെ മാരകമായി പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്. ഷീല ദേവിയും ഭര്‍ത്താവ് രാജേഷ് ശര്‍മയും മപ്പാലുറത്തുള്ള ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്യുകയാണ്. മൂന്ന് വര്‍ഷമായി ഇവര്‍ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശര്‍മയുടെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേല്‍പിച്ചതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."