'മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരല്ല' വിദ്വേഷം വിളമ്പി വീണ്ടും യോഗി
ലഖ്‌നൗ: വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും. മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് യോഗിയുടെ കണ്ടെത്തല്‍. എ.എന്‍.ഐ പോഡ്കാസ്‌റ്‌റിലാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും ആദിത്യനാഥ് അവകാശപ്പെടുന്നു.
'100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഇതിന് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനായിരുന്നു ഉദാഹരണം'- യോഗി പറയുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യോഗി ആരോപിക്കുന്നു. എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്നാണ് യോഗി പറയുന്നത്. എല്ലാവരുടേയും സന്തോഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യോഗി അടിവരയിട്ട് പറയുന്നു.
യുപിയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിംകളും സുരക്ഷിതരാണ്. എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ എല്ലാം അവസാനിച്ചു. ഒരു യോഗി എന്ന നിലയില്‍ താന്‍ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.
'ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍. 2017ന് മുമ്പ് യുപിയില്‍ കലാപങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ഹിന്ദുവിന്റെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാല്‍ 2017ന് ശേഷം കലാപം നിലച്ചു'- ആദിത്യനാഥ് പറഞ്ഞു.
ഹിന്ദു സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുന്നത് എന്തിനാണെന്നായിരുന്നു നിരവധി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്ഷേത്ര- പള്ളി തര്‍ക്കങ്ങളെക്കുറിച്ചച്ചുള്ള ചോദ്യത്തിന് ആദിത്യനാഥിന്റെ മറുചോദ്യം. അത് ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
സംഭലില്‍ നിലവിലുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 64 തീര്‍ഥാടന കേന്ദ്രങ്ങള്‍ സംഭലിലുണ്ട്. അതില്‍ 54 എണ്ണം ഞങ്ങള്‍ കണ്ടെത്തി. എന്തായാലും, ശേഷിക്കുന്നത് ഞങ്ങള്‍ അത് കണ്ടെത്തും. സംഭലില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ലോകത്തോട് പറയും- ആദിത്യനാഥ് ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."