തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശം. ഇ-മെയിൽ വഴി ലഭിച്ച സന്ദേശത്തിൽ, ലഹരി വിരുദ്ധ നടപടികളിൽനിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും ആവശ്യപ്പെടുന്നു. വഴുതക്കാട്ടെ ഗതാഗത കമ്മീഷണർ ഓഫീസിലും സ്ഫോടനമുണ്ടാകുമെന്ന് സന്ദേശം വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസ് വിപുലമായ പരിശോധന ആരംഭിച്ചു. തലസ്ഥാനത്ത് ഇതിനകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ ചാവേർ ആക്രമണ ഭീഷണി ലഭിച്ചിരുന്നു. രാജ്ഭവൻ, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം, വഞ്ചിയൂർ കോടതി, തിരുവനന്തപുരം കലക്ടറേറ്റ് എന്നിവിടങ്ങളിലും നേരത്തെ സമാന ഭീഷണികൾ ഉയർന്നിരുന്നു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കാനിരിക്കെ, തുടർച്ചയായ ഭീഷണികളെ സംസ്ഥാന ഇന്റലിജൻസ് അതീവ ഗൗരവത്തോടെ കാണുന്നു. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഭീഷണി സന്ദേശങ്ങൾ അയക്കുന്ന ഇ-മെയിൽ ഉറവിടങ്ങൾ കണ്ടെത്താനാകാത്തതിൽ കേന്ദ്ര ഇന്റലിജൻസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."