വാഹനഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടി പട്ടാമ്പി ടൗണും
പട്ടാമ്പി: റോഡിന്റെ തകര്‍ച്ചയും അനധികൃത വാഹനപാര്‍ക്കിങ്ങും കാരണം വാഹനഗതാഗതകുരുക്കിന് വഴിയൊരുക്കി പട്ടാമ്പി ടൗണ്‍. ബലിപെരുന്നാള്‍-ഓണം ആഘോഷങ്ങള്‍ വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോഴും ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിര നിത്യകാഴ്ചയാകുകയാണ്.
ഈ അവസ്ഥയിലാണ് ഗതാഗതകുരുക്ക് മണിക്കൂറോളം നീണ്ടുനില്‍ക്കുന്നത്. മിക്ക ദിവസങ്ങളിലും ഞാങ്ങാട്ടിരി കഴിഞ്ഞാല്‍ പട്ടാമ്പി പാലത്തിന് മുകളിലും മെലെ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റ് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണെന്ന് ദൈനം ദിനയാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
സിഗ്നല്‍ ലൈറ്റുകള്‍ ഒരു പരിധിവരെ ഗതാഗതകുരുക്കിന് അയവ് വരുത്തിയെങ്കിലും ചിലദിവസങ്ങളില്‍ സിഗ്നല്‍ പ്രവര്‍ത്തനരഹിതമാകുന്നതും ഗതാഗതകുരുക്കിന് ഇടയാക്കുന്നു. പട്ടാമ്പി-ഗുരുവായൂര്‍ റോഡിലെ ജംങ്ഷനില്‍ അശാസ്ത്രീയമായ രീതിയിലാണ് വാഹനങ്ങള്‍ കടന്ന് പോകുന്നതെന്നും പൊലിസ് ഇവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
അതെ സമയം ചില സ്വകാര്യ ബസ്സുകള്‍ സ്റ്റോപ്പ് അനുവദിക്കാത്ത സ്ഥലങ്ങളില്‍ ആളുകളെ കയറ്റലും ഇറക്കലും പതിവായിട്ടുണ്ട്. എന്നാല്‍ നിശ്ചിത പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ നിറുത്താതെ മറ്റുവാഹനങ്ങള്‍ക്ക് തടസ്സമായ രീതിയില്‍ നിറുത്തി പോകുന്ന വാഹനങ്ങള്‍ക്കെതിരെ പൊലിസ് നിയമനടപടി സ്വീകരിച്ചിരുന്നെങ്കിലും ഇടക്ക് വെച്ച് നിശ്ചലമായത് പഴയപടിയില്‍ തന്നെയായി എന്ന് വ്യാപാരികളും വിവിധ ചുമട്ടുതൊഴിലാളി യൂണിയന്‍ ഭാരവാഹികളും വ്യക്തമാക്കി.
പട്ടാമ്പി ടൗണില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ബൈപ്പാസ് റോഡ് നവീകരിച്ച് വാഹനങ്ങള്‍ പോകുന്നതിനായി തുറന്ന് കൊടുത്താല്‍ ഒരു പരിധി വരെ വാഹനകുരുക്കിന് അറുതിയാകും. റയില്‍വെ കമാനം കടന്നതിന് ശേഷമുള്ള റോഡിന്റെ ഇരുവശങ്ങളിലും അശാസത്രീയമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.
അതെ സമയം വിളിപ്പാടകലെയുള്ള ആഘോഷദിവസങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ വാഹനങ്ങളും ആളുകളുടെയും എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്‍കൈ എടുത്ത് ഗതാഗതകുരുക്കിന് ഇടവരുത്താത്ത രീതിയില്‍ നിലവിലുള്ള ട്രാഫിക് പൊലിസിന് പുറമെ മറ്റു പൊലിസുകാരെയും ചുമതലപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അതോടപ്പം തന്നെ ടൗണിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥല സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്ന സ്ഥലത്താണ് ടൗണിലെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."