ദ്യോക്കോവിച്, വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍ നദാലിനെ അട്ടിമറിച്ചു
ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനു യു.എസ് ഓപണില്‍ അട്ടിമറി തോല്‍വി. ഫ്രാന്‍സ് യുവ താരം ലുക്കാസ് പ്യയില്ലെയാണ് സ്പാനിഷ് താരത്തെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. മറ്റു മത്സരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് അനായാസ വിജയവുമായി ക്വാര്‍ട്ടറിലെത്തി. ഫ്രഞ്ച് താരങ്ങളായ വില്‍ഫ്രഡ് സോംഗ, മോണ്‍ഫില്‍സ് എന്നിവരും ക്വാര്‍ട്ടറിലെത്തി.
വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി, ഡെന്‍മാര്‍ക്കിന്റെ കരോലിനെ വോസ്‌നിയാക്കി, ജര്‍മനിയുടെ അഞ്ജലിക്വ കെര്‍ബര്‍, ലാത്വിയയുടെ അനസ്താസിയ സെവസ്‌തോവ എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് കടന്നു.
കുറച്ചു കാലമായി മങ്ങിയ ഫോമില്‍ നില്‍ക്കുന്ന റാഫേല്‍ നദാല്‍ റിയോ ഒളിംപിക്‌സില്‍ മികവിലേക്ക് തിരിച്ചെത്തി യു.എസ് ഓപണില്‍ കുതിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിക്കപ്പെട്ടത്. ഫ്രാന്‍സിന്റെ യുവ താരം ലുക്കാസ് പ്യയില്ലെ അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ് മുന്‍ ചാംപ്യനായ നദാലിനെ വീഴ്ത്തിയത്. മത്സരം നാലര മണിക്കൂറിലേറെ നീണ്ടു. ആദ്യ സെറ്റ് കൈവിട്ട നദാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റ് ഫ്രഞ്ച് താരം സ്വന്തമാക്കിയപ്പോള്‍ നാലാം സെറ്റില്‍ നദാല്‍ വീണ്ടും ഒപ്പമെത്തി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ പോരാട്ടം ഒപ്പത്തിനൊപ്പം. കളി എങ്ങോട്ടും മറിയാം എന്ന നിലയിലായിരുന്നു. മനഃസാന്നിധ്യം വിടാതെ പൊരുതിയ ഫ്രഞ്ച് താരം തുടരെ രണ്ടു മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി സെറ്റും വിജയവും ഒപ്പം ചേര്‍ക്കുകയായിരുന്നു. സ്‌കോര്‍: 1-6, 6-2, 4-6, 6-3, 6-8.
ബ്രിട്ടീഷ് യുവ താരം കെയ്‌ലെ എഡ്മണ്ടിനെ അനായാസം കീഴടക്കിയാണ് നിലവിലെ ചാംപ്യന്‍ നൊവാക് ദ്യോക്കോവിച് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-2, 6-1, 6-4.
ഫ്രഞ്ച് താരം വില്‍ഫ്രഡ് സോംഗ അമേരിക്കയുടെ ജാക്ക് സോക്കിനെ വീഴ്ത്തി. സ്‌കോര്‍: 6-3, 6-3, 7-9, 6-2. മരിയന്‍ സിലിചിനെ അട്ടിമറിച്ചെത്തിയ സോക്കിനു പ്രീ ക്വാര്‍ട്ടറില്‍ മികവ് ആവര്‍ത്തിക്കാനായില്ല.
സൈപ്രസിന്റെ മാര്‍ക്കോ ബാഗ്ദത്തിസിനെ കീഴടക്കിയാണ് ഫ്രഞ്ച് താരം മോണ്‍ഫില്‍സ് വിജയിച്ചത്. സ്‌കോര്‍: 6-3, 6-2, 6-3.
വനിതാ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ അഞ്ജലിക്വെ കെര്‍ബറോടു തോല്‍വി വഴങ്ങി. സ്‌കോര്‍: 6-3, 7-5. വിജയത്തോടെ കെര്‍ബര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
കരോലിന്‍ വോസ്‌നിയാക്കി അമേരിക്കയുടെ മാഡിസന്‍ കീസിനെ രണ്ടു സെറ്റു നീണ്ട മത്സരത്തില്‍ അനായാസം വീഴ്ത്തി. സ്‌കോര്‍: 6-3, 6-4.
ബ്രിട്ടീഷ് താരം ജൊഹന്ന കോണ്ടയെ രണ്ടു സെറ്റു പോരിലാണ് സെവസ്‌തോവ കീഴടക്കിയത്. സ്‌കോര്‍: 6-4, 7-5.
ഉക്രൈന്‍ താരം ലെസിയ ഷ്രെങ്കോയെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയന്‍ താരം റോബര്‍ട്ട വിന്‍സി വിജയിച്ചത്. സ്‌കോര്‍: 7-5, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."