HOME
DETAILS

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്... 

  
ഷഫീഖ് മുണ്ടക്കൈ
July 30 2025 | 02:07 AM

one year over wayanad landslide disaster

2024 ജൂലൈ 29,

ആകാശം കോരിച്ചൊരിയുന്നുണ്ട്. ഓഫിസിലേക്ക് വരുന്നതിന് മുമ്പ് പ്രാദേശികമായി മഴയളവ് ശേഖരിച്ച് വിവരങ്ങള്‍ കൈമാറുന്ന ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ വയനാട് വെതര്‍ ഫോര്‍കാസ്റ്റ് എന്ന വാട്‌സ് ആപ് ഗ്രൂപ്പില്‍ ഒന്നു കണ്ണോടിച്ചു. പ്രദേശങ്ങളുടെ പേരുകള്‍ക്കൊപ്പം 100 മില്ലീമീറ്ററിന് മുകളിലുള്ള സംഖ്യകളാണ് കൂടുതലും. 2019ല്‍ പുത്തുമലയിലും 2020ല്‍ മുണ്ടക്കൈയിലുമുണ്ടായ ഉരുളിറക്കത്തിന്റെ ചിത്രങ്ങള്‍ മനസ്സിലൂടെ പാഞ്ഞു. മുണ്ടക്കൈയില്‍ മരിച്ചുജീവിച്ച 2019 ഓഗസ്റ്റ് ഏഴിലെ ഭീകര രാത്രിയുടെ ഓര്‍മകള്‍ ഇന്നും മായാതെ മനസ്സിലുള്ളതാണ് ഭയത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നത്. ഗ്രൂപ്പിലെ മഴയളവുകള്‍ക്കിടയില്‍ മുണ്ടക്കൈ പരതിയെങ്കിലും കണ്ടില്ല. ഉടന്‍ ഹ്യൂം സെന്ററിന്റെ നേതൃനിരയിലുള്ള സി.കെ വിഷ്ണുദാസ് സാറിനെ വിളിച്ചു മുണ്ടക്കൈയിലെ മഴയളവ് രേഖപ്പെടുത്തിയിട്ടില്ലെന്ന വിവരം പറഞ്ഞു. തിരിച്ചുവിളിക്കാമെന്ന ഉറപ്പില്‍ ഫോണ്‍ വച്ച അദ്ദേഹം അല്‍പസമയത്തിനകം വിളിച്ചു. 'മഴ കൂടുതലാണ്, പ്രശ്‌നമാണ്..ഉച്ചയ്ക്ക് ശേഷവും മഴ ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ മാറുന്നതാണ് നല്ലത്, അദ്ദേഹം പറഞ്ഞു'. പിറന്ന മണ്ണ് സംരക്ഷിക്കുമെന്ന അമിതാത്മ വിശ്വാസം ഉള്ളിലുണ്ടായിരുന്നെങ്കിലും വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചുവിവരം പറഞ്ഞു.

സമയം വൈകിട്ട് 7:00 മണി

ആകാശം കരുതിവച്ച ദുരന്തത്തിനായി പേമാരിപ്പെയ്ത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. വയനാട് സുപ്രഭാതം ബ്യൂറോയുടെ മുന്നിലുള്ള ലിങ്ക് റോഡിലെ ചെറിയ തണല്‍ മരങ്ങള്‍ ആടിയുലയുന്നുണ്ട്. കല്‍പ്പറ്റയിലെ മഴയുടെ രൗദ്രഭാവം കണ്ടതോടെ മുണ്ടക്കൈയിലെ വീട്ടിലേക്ക് വിളിച്ചു. കല്‍പ്പറ്റയില്‍ നിന്നും 6.10ന് എടുത്ത ബസ് 7.20ന് മുണ്ടക്കൈയില്‍ എത്തും. അതില്‍ കയറി മേപ്പാടിയിലേക്ക് വരാന്‍ പറഞ്ഞു. കല്‍പ്പറ്റയിലേക്ക് തിരിച്ചുവരുന്ന ഒടുവിലത്തെ ബസ് അതാണ്. ' മഴ കുറവുണ്ട്. കറന്റുണ്ട്. ഉപ്പ പള്ളിയില്‍ പോയിരിക്കുകയാണ്. പ്രശ്‌നങ്ങളൊന്നുമില്ല. മഴ തുടരുകയാണെങ്കില്‍ നാളെ രാവിലെ വരാം, ഉമ്മ പറഞ്ഞു നിര്‍ത്തി. വാര്‍ത്തകള്‍ പെട്ടെന്ന് അയച്ച് ഓഫിസില്‍ നിന്നിറങ്ങി. എന്റെ നാടിന് ഒന്നും വരുത്തരുതേ എന്ന് ഉള്ളില്‍ പ്രാര്‍ത്ഥിച്ചു. സമയം വീണ്ടും നീങ്ങി. മേപ്പാടിയിലെ വീട്ടിലെത്തിയ ശേഷം സുഹൃത്ത് സലാമിനെയും ഖതീബ് ശിഹാബുദ്ധീന്‍ ഫൈസിയേയും വിളിച്ചു. ഭക്ഷണം കഴിച്ച് ചൂരല്‍മലയിലേക്ക് പോകുമെന്ന് സലാം പറഞ്ഞു. കറുത്തിരുണ്ട ആകാശം മേപ്പാടിയിലും ദുരിതപ്പെയ്ത്ത് തുടര്‍ന്നു. മക്കള്‍ ഉറങ്ങിയെങ്കിലും ഇടമുറിയാത്ത പേമാരിയുടെ ശബ്ദം ഉള്ളുലച്ചുകൊണ്ടിരുന്നത് കൊണ്ട് ഉറക്കം കണ്ണുകളിലെത്താന്‍ മടിച്ചുനിന്നു. വീട്ടില്‍ നിന്ന് അല്‍പം അകലെ ചെമ്പ്ര പീക്ക് റോഡരികിലെ മുളങ്കാടുകള്‍ ആടിയുലഞ്ഞ് പൊട്ടിക്കീറുന്ന ശബ്ദം പേമാരിയെ വകഞ്ഞുമാറ്റി ചെവികളിലെത്തുന്നുണ്ട്.  

സമയം ജൂലൈ 30ലേക്കെത്തുന്നു

ആകാശം വെളുക്കുന്നത് വരെ വരരുതെന്നാഗ്രഹിച്ചത് സംഭവിച്ചു. ഫോണടിച്ചു. സുപ്രഭാതം വയനാട് ബ്യൂറോ ചീഫും സഹപ്രവര്‍ത്തകനുമായ നിസാംകയായിരുന്നു മറുതലക്കല്‍. ചൂരല്‍മലയില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. ചൂരല്‍മല സ്വദേശിയായ സുഹൃത്ത് ജോജോ ഫോണില്‍ അറിയിച്ചത് എന്നോട് പറഞ്ഞു. സംഷാദിനൊപ്പം (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) വരാം. നീ മേപ്പാടി ടൗണില്‍ നില്‍ക്ക്. ഫോണ്‍ കട്ടായതിന് പിന്നാലെ മുണ്ടക്കൈയിലെ വീട്ടിലേക്കും അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നമ്പറുകളിലേക്കും വിളിച്ചു. മറുപടിയുണ്ടായിരുന്നില്ല. മനസ്സില്‍ മുന്‍വര്‍ഷങ്ങളില്‍ പുത്തുമലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയതിന്റെ തലേദിവസം രാത്രിയിലെ പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ തെളിഞ്ഞു. പെട്ടെന്ന് വസ്ത്രമാറി നിസാംകയുടെ ഫോണിനായി കാത്തിരുന്നു. അല്‍പസമയത്തിനകം വാഹനം മേപ്പാടിയിലെത്തി. വാഹനം കാത്തു നിന്ന സമയം മേപ്പാടിയുടെ ആകാശവും കനിവില്ലാതെ പെയ്ത് ഉരുളിറക്കത്തിന്റെ ആഘാതത്തിലേക്ക് സൂചന തന്നുകൊണ്ടിരുന്നു.

മണ്ണിടിച്ചില്‍ സാധ്യതകളേറെയുള്ള മേപ്പാടിചൂരല്‍മല റോഡിന്റെ അവസ്ഥ അറിയുന്നത് കൊണ്ട് യാത്ര തടസ്സപ്പെടരുതെന്ന പ്രാര്‍ഥനയോടെയാണ് വാഹനത്തിലിരുന്നത്. ഈ സമയമത്രയും വീട്ടിലേക്കും മറ്റും വിളിച്ചുകൊണ്ടിരുന്നെങ്കിലും പ്രതീക്ഷ നല്‍കുന്നതൊന്നും മറുപടിയായെത്തിയില്ല. ഒടുവില്‍ കറുത്തിരുണ്ട മാനത്തിനൊപ്പം അതിനേക്കാള്‍ കറുത്ത നിറം പൂണ്ട അന്തരീക്ഷത്തിന്റെ ഭയപ്പെടുത്തലുകള്‍ക്കിടയിലൂടെ ചൂരല്‍മലയിലെത്തി. അപ്പോഴേക്കും ഒഴുകിയെത്തി ചൂരല്‍മല അങ്ങാടിയെ കവര്‍ന്ന ചെളിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി.

ഭൂമിയില്‍ തനിച്ചായ പോലെ

മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളും ടോര്‍ച്ചുകളും വാഹനങ്ങളുടെ ലൈറ്റുകളും മുന്നില്‍ മിന്നിമറയുന്നു.  വാഹനത്തില്‍ നിന്നിറങ്ങി ചൂരല്‍മല ടൗണിനടുത്തെ ചെറിയ പാലത്തിന് സമീപമെത്തി. തലേനാള്‍ നടന്ന അങ്ങാടിയുടെ രൂപമാറ്റം മനസ്സില്‍ ദുസ്സൂചനകള്‍ നിറച്ചു. പ്രദേശത്തിന്റെ ഭൂപ്രകൃതി അറിയുന്നത് കൊണ്ട് മുണ്ടക്കൈ അമ്പലക്കുന്ന് കുത്തിയൊലിച്ചെത്തി എന്നാണ് ആദ്യം കരുതിയത്. വീട്ടുകാരെ വിളിച്ചിട്ട് മറുപടി ലഭിക്കാത്തത് ചേര്‍ത്തുവായിച്ച മനസ് ഭൂമിയില്‍ നീ തനിച്ചായെന്ന തോന്നലുണ്ടാക്കി. പിന്നീട് ഒരടി മുന്നോട്ടുനീങ്ങാനായില്ല. നെഞ്ചിടിപ്പിന് വേഗമേറിയതോടെ റോഡില്‍ തലകുമ്പിട്ടിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമായിരുന്ന സംഷാദ്കയുടെ ഡ്രൈവര്‍ ബിന്‍ഷാദ് എന്നെ നോക്കിയിരിക്കേണ്ട സ്ഥിതിയായി. ഇതിനിടയിലും ഫോണിലുള്ള പല നമ്പറുകളിലും മാറിമാറി വിളിച്ചുകൊണ്ടിരുന്നു. ചിലത് ബെല്ലടിച്ചുകൊണ്ടിരുന്നു. മറ്റു ചിലത് സ്വിച്ച് ഓഫ് എന്നു പറഞ്ഞു. ഏതോ നിമിഷത്തില്‍ ഉമ്മയുടെ കൈയിലുണ്ടായിരുന്ന ചെറിയ ഫോണ്‍ ബെല്ലടിച്ചു. ഫോണെടുത്ത ഉപ്പ 'ഉരുള്‍പൊട്ടിയിട്ടുണ്ട്, കുഴപ്പമില്ല, ഞങ്ങള്‍ ഓടുകയാണെന്ന് മാത്രം പറഞ്ഞു'.

ഓടിക്കോ..ഓടിക്കോ

വീട്ടുകാരുടെ ശബ്ദം കേട്ട ആശ്വാസത്തിന് സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ആയുസ്. അപ്പോഴേക്കും മല ഉരുണ്ടിറങ്ങുന്നതിന്റെ ഹുങ്കാര ശബ്ദം കാതുകളിലെത്തി. അതിനൊപ്പം 'ഓടിക്കോ' എന്ന അലര്‍ച്ചകളും. ചൂരല്‍മല അങ്ങാടിയില്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നവര്‍ റോഡിന്റെ നീലിക്കാപ്പ് ഭാഗത്തേക്ക് കുതിച്ചു. അപ്പോഴും ആദ്യ ഉരുളിറക്കത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് നിന്നവരേയും രണ്ടു നാടുകളെയും വിഴുങ്ങാന്‍ പാകത്തില്‍ പുന്നപ്പുഴയുടെ ഉത്ഭവ കേന്ദ്രമായ മല ഉരുണ്ടിറങ്ങി കഴിഞ്ഞിരുന്നു. മരിക്കുകയാണെന്ന് ഉറപ്പിച്ചാണ് ഓടിയത്. മിനുട്ടുകള്‍ നീണ്ട ശബ്ദം പതിയെ അവസാനിച്ചു. അപ്പോഴേക്കും ചൂരല്‍മല ചര്‍ച്ചിന് മുന്നിലെത്തിയിരുന്നു. വീണ്ടും തിരികെ ചൂരല്‍മലയിലേക്ക് നടന്നു. ഇടമുറിയാത്ത മഴ അപ്പോഴും തുടര്‍ന്നു. അല്‍പ സമയത്തിനകം വീണ്ടും പാറക്കൂട്ടങ്ങള്‍ മലയില്‍ നിന്ന് അടര്‍ന്നുമാറി വലിയ ശബ്ദത്തോടെ പുഴയ്‌ക്കൊപ്പം ഒഴുകി. ഒരിക്കല്‍ കൂടി തിരിഞ്ഞോടേണ്ടി വന്നു. കിലോമീറ്ററുകള്‍ക്കിപ്പുറമായിട്ടും ആ ഭീകര ശബ്ദം മനസില്‍ മരണഭയമുണ്ടാക്കി. പേടിയോടെ ഒരിക്കല്‍ കൂടി വീട്ടുകാരെ വിളിച്ചു. ' വീണ്ടും പൊട്ടിയെന്നും റാട്ടപ്പാടിയില്‍ നിന്ന് കുന്നിന്‍മുകളിലുള്ള എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് ഓടുകയാണെന്നും ഉപ്പ പറഞ്ഞു. പുഞ്ചിരിമട്ടം റോഡിലുള്ള ഉപ്പയുടെ സഹോദരനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഫോണ്‍ ബെല്ലടിച്ചതിന്റെ ആശ്വാസത്തിന് ആകാശം വെള്ളക്കീറുന്നത് വരെ മാത്രമാണ് ആയുസുണ്ടായത്. സുഹൃത്ത് സലാമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് എന്നുപറഞ്ഞത് മനസ്സില്‍ അസ്വസ്ഥ ചിന്തകളുണ്ടാക്കി. 

വെള്ളയാകാന്‍ മടിച്ച ആകാശം

ആര്‍ക്കും ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനകളോടെ തുള്ളിക്കൊരു കുടം കണക്കെ പെയ്ത് കൊണ്ടിരുന്ന മഴയെ നോക്കി നിന്നു. അപ്പോഴും പതിവിന് വിപരീതമായി കാഴ്ചകള്‍ മറച്ച് പ്രകൃതി കറുത്ത് തന്നെയിരുന്നു. രാത്രിയുടെ ദൈര്‍ഘ്യം വല്ലാതെ പേടിപ്പെടുത്തി. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിയവരെ കൊണ്ട് പ്രദേശം നിറഞ്ഞു. അവര്‍ ഇരുട്ടിനെ വകുഞ്ഞുമാറ്റി പലരെയും ജീവിതത്തിലേക്ക് വലിച്ചുകയറ്റി. ഒപ്പം ജീവനറ്റവരെയും. ഏറെ കഴിഞ്ഞാണ് പ്രകൃതിയുടെ സംഹാര താണ്ഡവം കാണിക്കാന്‍ ആകാശം വെള്ളക്കീറിയത്. ആദ്യ കാഴ്ചയില്‍ തന്നെ മനസ് കിടുങ്ങി. ആഗ്രഹിക്കാത്ത കാഴ്ചകളായിരുന്നു എങ്ങും. പിന്നെ മരണത്തിന്റെ മുന്നില്‍ രക്ഷപ്പെട്ടവരുടെ സഹായത്തിനായുള്ള ആര്‍ത്തനാദങ്ങള്‍. ആംബലന്‍സുകള്‍ പാഞ്ഞെത്തി തുടങ്ങി. സ്‌കൂള്‍ റോഡില്‍ നിന്ന് ലഭിച്ച പരുക്കേറ്റവരേയും മരിച്ചവരേയും കൊണ്ട് വാഹനങ്ങള്‍ മേപ്പാടിയിലേക്ക് കുതിച്ചു. മുണ്ടക്കൈയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു തുടങ്ങി. 'പുഞ്ചിരിമട്ടത്തിന് മുകളിലെ മലയാണ് പൊട്ടിയത്. വലിയ പ്രതീക്ഷകള്‍ വേണ്ട, ആരൊക്കെ ബാക്കിയുണ്ടെന്ന് പറയാനാകില്ല'. 

മണ്ണിലാണ്ടവരെ കൊണ്ട് കുത്തിയൊഴുകിയ പുന്നപ്പുഴ രൗദ്രഭാവത്തില്‍ തന്നെ തുടര്‍ന്നു. കഴിഞ്ഞദിവസം പോലും സുഹൃത്തുക്കളുമായി സൊറപറഞ്ഞു നടന്ന ചൂരല്‍മല ടൗണില്‍ അരയ്‌ക്കൊപ്പം ചെളി. മരങ്ങളും ചെറിയ കുന്നുകളും പരസ്പരം കാഴ്ച മറച്ചിരുന്ന മുണ്ടക്കൈയും ചൂരല്‍മലയും പരസ്പരം നോക്കി മരുഭൂമിക്ക് സമാനമായി പരന്നുകിടക്കുന്നു. പുഴയിലും പരിസരങ്ങളിലും ഇതുവരെ കാണാത്ത ഭീമന്‍ പാറകള്‍. പുന്നപ്പുഴയുടെ മറുകരയായ മുണ്ടക്കൈയില്‍ അവശേഷിച്ച നാട്ടുകാര്‍ എസ്‌റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് നില്‍ക്കുന്ന വിദൂര കാഴ്ച നേര്‍ത്ത ആശ്വാസമായി. മറ്റുള്ളവരും ഓടി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അഗ്നി രക്ഷാ സേനയും എന്‍.ഡി.ആര്‍.എഫും പുന്നപ്പുഴയുടെ മറുകരയിലെത്തുനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് പ്രതീക്ഷയോടെ നോക്കി നിന്നു. ഉറ്റവര്‍ തിരിച്ചെത്തുന്നത് കാത്തിരുന്ന മണിക്കൂറുകള്‍. അപ്പോഴും ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി മേപ്പാടിയിലേക്ക് പോയിക്കൊണ്ടിരുന്നു. 

ഇതിനിടെ സുഹൃത്ത് ഗഫൂറിന് ഒരു ഫോണ്‍ വന്നു. വില്ലേജ് റോഡ് ഭാഗത്ത് നിന്ന് ഒരു മൃതദേഹം കിട്ടി. അത് സുഹൃത്ത് സലാമിന്റെതാണോ എന്ന് ഉറപ്പാക്കണം. ഞങ്ങള്‍ അങ്ങോട്ടേക്ക് നടന്നു. അവിടെയെത്തുമ്പോഴേക്ക് മൃതദേഹം മേപ്പാടിയിലേക്ക് കൊണ്ടുപോയിരുന്നു. മറ്റാരോ അത് സലാം തന്നെയെന്ന് ഉറപ്പിച്ചിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്ന് വിശ്വസിച്ചിരുന്ന സലാം മരിച്ചതറിഞ്ഞതോടെ സര്‍വ്വനിയന്ത്രണവും നഷ്ടമായി. സമയം കടന്നുപോയി. മനസ്സിനെ തളര്‍ത്തി മേപ്പാടിയില്‍ നിന്നും മറ്റൊരു സുഹൃത്തിന്റെ ഫോണ്‍കോള്‍ എത്തി. സലാമിന്റെ മയ്യിത്ത് ഖബറടക്കണം. ഇവിടെ ആരുമില്ല. അത് കേട്ടതോടെ ഞങ്ങള്‍ മേപ്പാടിയിലേക്ക് തിരിച്ചു. മൃതദേഹങ്ങള്‍ നിരത്തിയിട്ട മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കാഴ്ചകള്‍ വിവരണാതീതമാണ്. അവിടെയുണ്ടായിരുന്ന ഓരോരുത്തരും ഞങ്ങളുടെ ആരൊക്കൊയോ ആയിരുന്നു. സലാമിന്റെ മൃതദേഹം ഏറ്റുവാങ്ങി മേപ്പാടി പള്ളിയിലെത്തിച്ചു. അപ്പോഴേക്കും പുന്നപ്പുഴയ്ക്ക് കുറകെ ചെറിയ പാലം രൂപപ്പെട്ടിരുന്നു. അതിലൂടെ ഓരോരുത്തരായി ഇക്കരയെത്തി. രക്ഷപ്പെടുന്നതിനിടെ വീണ് പരുക്കേറ്റ എന്റെ സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് ഉപ്പ വിളിച്ചുപറഞ്ഞു. ഞാന്‍ നേരെ അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് പോയി. ആശുപത്രിയിലും എന്റെ നാട്ടുകാരുടെ കണ്ണീര്‍ കാഴ്ചകള്‍ മാത്രമായിരുന്നു. 

ഉറ്റവര്‍ക്കായുള്ള കാത്തിരിപ്പ്

ജൂലൈ 30ന്റെ പകലും രാത്രിയും പിന്നിട്ടു. മേപ്പാടി പഞ്ചായത്ത് പരിസരവും സമീപത്തെ പഞ്ചമിയിലുള്ള എം.എസ്.എ ഓഡിറ്റോറിയവും ജനനിബിഡമായി. ഉരുളെടുത്ത ഉറ്റവരെ തിരയുകയായിരുന്നു എല്ലാവരും. നാടിന്റെ രൂപം മാറ്റിയ പ്രകൃതി അവിടെ ജീവിച്ചവര്‍ക്കും രൂപമാറ്റം വരുത്തിയതോടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുക വളരെ പ്രയാസമായിരുന്നു. രണ്ടുദിനങ്ങള്‍ പിന്നിട്ടതോടെ തിരിച്ചറിയല്‍ അതികഠിനമായി. ചൂരല്‍മലയില്‍ നിന്ന് ആംബലന്‍സുകള്‍ എത്തുമ്പോള്‍ പ്രതീക്ഷയോടെ പോയി നോക്കും. കൂട്ടത്തില്‍ ചിലര്‍ക്ക് ആശ്വാസമാകും. മറ്റുള്ളവര്‍ നിരാശയോടെ വീണ്ടും കാത്തിരിപ്പ് തുടരും. പിന്നീടുള്ള ദിവസങ്ങളിലെ ദിനചര്യയായിമാറി മേപ്പാടി ആരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ്. ഉപ്പയുടെ സഹോദരനും ഭാര്യയും എട്ടു വയസുള്ള മോനുമാണ് കുടുംബത്തില്‍ നിന്ന് നഷ്ടപ്പെട്ടത്.

നാടിനെ കീഴ്‌മേല്‍ മറിച്ച ഉരുള്‍ ദുരന്തത്തിന് പിന്നാലെ കാണാതായവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. മുണ്ടക്കൈയില്‍ തിരച്ചിലിന് നാട്ടുകാരുടെ സഹായം വേണമെന്നറിഞ്ഞാണ് ഓഗസ്റ്റ് ഒന്നിനാണ് മുണ്ടക്കൈയിലേക്ക് പോയത്. ജനിച്ചുവളര്‍ന്ന മണ്ണ് തിരിച്ചറിയാനാകാത്ത വിധമായ കാഴ്ച. പുഴയിലെ ഓരോ കല്ലുകളും നാട്ടിലെ വഴികളും ഞങ്ങള്‍ക്ക് സുപരിചിതമായിരുന്നു. ബാല്യം കാലത്തിലെ ഏറെ സമയവും ചെലവഴിച്ച ചെമ്മലക്കുണ്ടും ചെണ്ടക്കുണ്ടും സീതമ്മക്കുണ്ടും ആനക്കുണ്ടുമെല്ലാ നീര്‍ച്ചാലുകള്‍ മാത്രമായിരിക്കുന്നു. ഇതിന്റെ കരകളിലായി വീടുകളും പാടികളും ഉണ്ടായതിന്റെ അടയാളങ്ങള്‍ പോലുമില്ല. ഏറെ സുന്ദരമായിരുന്ന എന്റെ ഗ്രാമം ഒറ്റ രാത്രിയില്‍ കല്‍കൂമ്പാരമായി മാറിയത് വേദനയോടെ നോക്കിനിന്നു.  

'സൊറ'യിടങ്ങള്‍ ഇല്ലാത്തവരായി

ജോലിയാവശ്യാര്‍ത്ഥവും മറ്റും ഒന്നിലധികം തവണ മുണ്ടക്കൈയില്‍ നിന്ന് നേരത്തെ മാറിതാമസിച്ചിട്ടുണ്ട്. പക്ഷെ ആ മാറ്റങ്ങള്‍ക്ക് അധികവും ഒരു വര്‍ഷത്തിന് താഴെ മാത്രമാണ് ആയുസുണ്ടായിരുന്നത്. ഇത്തവണ ജീവന്‍ ബാക്കിയായത് നിവൃത്തികേടുകൊണ്ടുള്ള അത്തരമൊരു പാലായനമാണ്. താമസം മാറിയതറിയാത്ത പലരും ഞാന്‍ മരിച്ചെന്ന് വിശ്വസിച്ചു. പിന്നീട് നേരില്‍ കണ്ടപ്പോള്‍ പലരും പൊട്ടിക്കരഞ്ഞു. 

മാറിത്താമസിക്കലുകളാണ് 'സ്വന്തം നാട്' എന്നതിന്റെ ആഴവും പരപ്പും എനിക്ക് മനസ്സിലാക്കിതന്നത്. മറ്റൊരിടത്തും സ്വന്തം നാട് നല്‍കുന്ന സുരക്ഷിതത്വവും സ്വാതന്ത്രവും ലഭിക്കില്ല. മുണ്ടക്കൈയിലെ പാതയോരങ്ങളില്‍ പ്രകൃതി പണ്ടെന്നോ ഉരുട്ടിയിറക്കി ഉറപ്പിച്ച കല്ലുകളും വാകമരത്തണലുകള്‍ക്ക് താഴെയും പന്താലിമട്ടത്തും സ്‌കൂള്‍ ഗ്രൗണ്ടിലും പതിനാലിലെ കുന്നിലും ലഭിച്ചിരുന്ന സമാധാനം മറ്റെവിടെ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. നാട്ടുകാരെയും കൂട്ടുകാരെയും ഉറ്റവരെയും നഷ്ടപ്പെട്ട ഞങ്ങള്‍ക്കിനി സ്വന്തം നാടിന്റെ ഈ സമാശ്വസിപ്പിക്കല്‍ അനുഭവിക്കാനും യോഗമില്ലെന്ന സത്യം വിലിയ നൊമ്പരമായി ശേഷിക്കുന്നു. 'സൊറ'യിടങ്ങള്‍ ഇല്ലാത്തവരായി ഞങ്ങള്‍ ഇതരനാടുകളില്‍ ഇരിപ്പുറയ്ക്കാതെ അലയുകയാണിപ്പോള്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  4 days ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  4 days ago
No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  4 days ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  4 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  4 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  4 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  4 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  4 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  4 days ago