ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്ന് പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെ കുടുക്കാനുള്ള ശ്രമം വീണ്ടും പാളി. ആശുപത്രിയില്‍ നിന്നും കാണാതായ ഉപകരണത്തിന്റെ പേരില്‍ തനിക്കെതിരേയുള്ള നീക്കങ്ങള്‍ നടക്കുന്നതായും, വ്യക്തിപരമായി ആക്രമിക്കാനും തന്നെ കുടുക്കാനും ശ്രമം നടക്കുന്നുവെന്ന് ഡോ.ഹാരിസ് തന്നെയാണ് വെളിപ്പെടുത്തലുമായി ആദ്യമെത്തിയത്. പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ ആശുപത്രി പ്രിന്‍സിപ്പലിന്റേയും സൂപ്രണ്ടിന്റേയും വാക്കുകള്‍ ഡോക്ടര്‍ക്കെതിരേ സംശയമുന തീര്‍ക്കുന്നതായിരുന്നു. ഒടുവില്‍ ഉപകരണം നന്നാക്കാന്‍ നല്‍കിയ എറണാകുളത്തെ കമ്പനി തന്നെ വിശദീകരണം നല്‍കിയതോടെ ആശുപത്രി അധികൃതരുടെ 'കണ്ടെത്തലുകള്‍' പൊളിഞ്ഞുവീണു.
ഓഫിസ് മുറി താനില്ലാത്തപ്പോള്‍ ഒരു സംഘം തുറന്നുവെന്ന് കെ.ജി.എം.സി.ടി.എക്ക് അയച്ച കുറിപ്പിലാണ് ഡോ.ഹാരിസ് വ്യക്തമാക്കിയത്. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് കരുതുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും ഉള്ള മുറിയാണ് അത്. ഒപ്പം കുറെ വിലകൂടിയ എസ്‌കുലാപ് ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങളും അവിടെയാണ് വെച്ചിരുന്നത്.
ആര്‍ക്കും രഹസ്യമായി ലിഫ്റ്റ് വഴി ആ ഫ്‌ളോറില്‍ തന്റെ റൂമിന്റെ തൊട്ടു മുന്നില്‍ ഇറങ്ങാം. അവിടെ ആണെങ്കില്‍ കാമറയും ഇല്ല. ഇങ്ങനെ തന്നെ കുടുക്കാനുള്ള സാധ്യതകളും ആശങ്കകളും വിശദമാക്കി രേഖപ്പെടുത്തിയാണ് ഡോ. ഹാരിസ് കെ.ജി.എം.സി.ടി.എയ്ക്ക് കത്ത് നല്‍കിയത്.
ഡോക്ടറുടെ കത്തിന് പിന്നാലെ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച ആശുപത്രി പ്രിന്‍സിപ്പലും സൂപ്രണ്ടും വകുപ്പ് മേധാവിയുടെ മുറിയില്‍ പ്രവേശിച്ച കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ പിന്നീട് ഉന്നയിച്ചതെല്ലാം ഡോ.ഹാരിസിലേക്ക് സംശയമുന തിരിക്കുന്ന കാര്യങ്ങളായിരുന്നു.
പരിശോധനയ്ക്കിടെ ഡോ.ഹാരിസിന്റെ മുറിയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതായും മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം അടങ്ങിയ പെട്ടി ഡോ. ഹാരിസിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയെന്നുമാണ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ.ജബ്ബാര്‍ വ്യക്തമാക്കിയത്.
പിന്നീട് ഉപകരണം എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഡോ. ഹാരിസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ അവിടെ ഒരു ഉപകരണം കണ്ടെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍ പറഞ്ഞു.
അതേസമയം വൈകുന്നേരത്തോടെ ബില്ലില്‍ പറഞ്ഞിരിക്കുന്ന കമ്പനി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ ആശുപത്രി സൂപ്രണ്ടിന്റേയും പ്രിന്‍സിപ്പലിന്റെ വാദങ്ങള്‍ പൊളിഞ്ഞു. കണ്ടെത്തിയത് ബില്ലല്ല ഡെലിവറി ചെല്ലാനാണെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. കൂടാതെ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പെന്ന് തെറ്റായി എഴുതിയതാണെന്നും വ്യക്തമാക്കിയതോടെ ഡോ.ഹാരിസിന്റെ വാദങ്ങള്‍ ശരിയായിരുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
നിലവില്‍ വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ഒരാഴ്ചയിലധികമായി അവധിയിലാണ്. വകുപ്പിന്റെ താല്‍ക്കാലിക ചുമതലയുള്ള ഡോ. ടോണി തോമസിനാണ് മുറിയുടെ താക്കോല്‍ നല്‍കിയിരുന്നത്. ആ താക്കോല്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഡോ. ടോണി അറിയിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."