ഇസ്‌റാഈല്‍ സേനയുടെ ഉപരോധത്തില്‍ അല്‍ശിഫ ആശുപത്രിയില്‍ 21 രോഗികള്‍ മരിച്ചു-ലോകാരോഗ്യ സംഘടന
ഗസ്സ: ഇടതടവില്ലാതെ ബോംബ് വര്‍ഷങ്ങളും ആക്രമണങ്ങളും ഉപരോധങ്ങളും തുടര്‍ന്ന് ഇസ്‌റാഈല്‍. മാര്‍ച്ച് 18 മുതല്‍ അല്‍ ശിഫ ആശുപത്രിയില്‍ സയണിസ്റ്റ് സേന തുടരുന്ന ഉപരോധങ്ങളില്‍ 21 രോഗികള്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന പറയുന്നു. സേന പിന്മാറാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ അവിടെയുള്ള രോഗികളെ മുഴുവന്‍ അവിടെ നിന്ന് മാറ്റണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു.
മധ്യഗസ്സയിലെ അല്‍ അഖ്‌സ ആശുപത്രിയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും ആരോഗ്യ സംഘടന അറിയിച്ചു. ആശുപത്രി വളപ്പില്‍ അഭയാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരും താമസിക്കുന്ന ടെന്റുകള്‍ക്കുനേരെയാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. 15 പേര്‍ക്ക് പരിക്കേറ്റു. ദേര്‍ അല്‍ ബലാഹിലെ അല്‍അഖ്‌സ ആശുപത്രിവളപ്പിലാണ് ആക്രമണം നടത്തിയത്.
ഇസ്‌റാഈലിന്റെ ഗസ്സ ആക്രമണം തുടങ്ങിയതുമുതല്‍ പലായനം ചെയ്ത ആയിരക്കണക്കിനാളുകളാണ് ഇവിടെ ടെന്റുകളില്‍ താമസിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ടെന്റുകളും ഇവിടെയുണ്ട്. 24 മണിക്കൂറിനിടെ ഗസ്സയില്‍ 77 പേര്‍ കൊല്ലപ്പെടുകയും 108 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ ലബനാനിലെ ഹിസ്ബുല്ല പോരാളികള്‍ അധിനിവിഷ്ട ഷെബാ ഫാമിലെ ഇസ്‌റാഈലിന്റെ ബര്‍ഖ്ത പീരങ്കിപ്പടക്കും സൈനികര്‍ക്കും നേരെ വ്യോമാക്രമണം നടത്തി.ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ഈജിപ്തും ജോര്‍ഡനും ഫ്രാന്‍സും ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ നയതന്ത്രജ്ഞരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് ആവശ്യം ഉന്നയിച്ചത്.
ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 32,782 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 75,298 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."