പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം
മുംബൈ: പരിഹാസങ്ങളെയും കുത്തുവാക്കുകളെയും, കടുത്ത പുരുഷാധിപത്യത്തെയും അതിജീവിച്ചൊരു ലോകകപ്പ്. ഹര്‍മാന്‍പ്രീത് കൗറും സംഘവും 50 ഓവര്‍ ലോകകപ്പ് കളിക്കാനിറങ്ങുമ്പോള്‍ സാധ്യതകള്‍ പലരും കല്‍പ്പിച്ചിട്ട് പോലുമില്ലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ തുടര്‍ തോല്‍വികള്‍ നേരിട്ടപ്പോള്‍ ഹര്‍മാന്റെ ക്യാപ്റ്റന്‍സിയായിരുന്നു ഏറ്റവും വിമര്‍ശനം നേരിട്ടത്. ഒടുവില്‍ ആവശ്യമായ ജയത്തോടെ സെമിയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ചാംപ്യന്‍ ഗെയിമാണ് പിന്നീട് പിറന്നത്. നിലവിലെ ചാംപ്യന്മാരായ ആസ്‌ത്രേലിയയെ ചേസിങ്ങില്‍ വീഴ്ത്തുകയും, ഗ്രൂപ്പ് ഘട്ടത്തില്‍ വീഴത്തിയ ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയും കിരീടം ടീം സ്വന്തമാക്കി. ഇത് സമാനതകളില്ലാത്ത ജയമാണെന്ന് ക്രിക്കറ്റ്‌പ്രേമികള്‍ക്ക് ഉറപ്പിച്ച് പറയാം.
കൃത്യമായ പ്ലാനിങ്ങോടെയാണ് ഇന്ത്യ കളിച്ചത്. പ്രതീക്ഷിച്ചതിലും 30 റണ്‍സിലധികം കുറവായിരുന്നു ഇന്ത്യക്ക് ബാറ്റിങ്ങില്‍ ലഭിച്ചത്. എന്നാല്‍ ഫീല്‍ഡില്‍ അതിനെ മറികടക്കുന്ന പ്രകടനമാണ് കണ്ടത്. ഹര്‍മാന്‍പ്രീതിന്റെ ക്യാപ്റ്റന്‍സി ഇതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ലോറ വോള്‍വാര്‍ട്ടിന്റെ(101) ഒറ്റയാള്‍ പ്രകടനം ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു. റണ്‍റേറ്റ് കുറയാതെയാണ് കളി മുന്നോട്ട് പോയത്. ലോറ നല്ലൊരു ബാറ്റിങ് പങ്കാളിയെ കിട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് കളി മാറി മറിഞ്ഞ നിമിഷങ്ങള്‍ ഉണ്ടായത്. തസ്മിന്‍ ബ്രിറ്റ്‌സിനെ റണ്ണൗട്ടാക്കിയ നിമിഷമായിരുന്നു ഏറ്റവും വലിയ വഴിത്തിരിവ്. അമാന്‍ജ്യോതിന്റെ ഡയരക്ട് ത്രോ ഇന്ത്യക്ക് ലോകകപ്പ് കിരീടമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു.
സുനെ ലൂസ്(25) അനേരി ഡെറക്‌സന്‍(35) എന്നിവര്‍ ഇതിനിടയില്‍ വോള്‍വാര്‍ട്ടിന് മികച്ച പിന്തുണ നല്‍കിയിരുന്നു. റണ്ണൊഴുകുന്ന സമയത്ത് ഹര്‍മാന്‍ ഷഫാലി വര്‍മയെ ബൗളിങ്ങിനായി കൊണ്ടുവന്നത് മറ്റൊരു നിര്‍ണായക നീക്കമായിരുന്നു. 7 ഓവറില്‍ വെറും 36 റണ്‍സ് വിട്ടുകൊട്ടുത്ത് നിര്‍ണായകമായ രണ്ടുവിക്കറ്റുകളും ഷഫാലി വീഴ്ത്തി. കളിയിലെ താരമാകാനും ഷഫാലിക്ക് കഴിഞ്ഞു. ഷഫാലി വിക്കറ്റ് വീഴ്ത്തി ഉണ്ടാക്കിയെടുത്ത സമ്മര്‍ദത്തില്‍ നിന്നാണ് ദീപ്തി ശര്‍മ മറ്റുള്ളവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇത് ശരിക്കുമൊരു ക്യാപ്റ്റന്‍സി ബ്രില്യന്‍സില്‍ നിന്ന് പിറന്നതാണ്. ആദ്യം വേഗത്തില്‍ പന്തെറിഞ്ഞ ദീപ്തി പിന്നീട് ഷഫാലിയുടെ മാര്‍ഗത്തില്‍ വേഗം കുറച്ച് പന്തെറിഞ്ഞതും പ്രോട്ടീസിനെ വട്ടം കറക്കി. ഒടുവില്‍ അഞ്ചുവിക്കറ്റെടുത്താണ് ദീപ്തി ടൂര്‍ണമെന്റിന്റെ താരമായത്. ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളുമാണ് ദീപ്തിയുടെ പേരിലുള്ളത്.
അതേസമയം 2005, 2017 വര്‍ഷങ്ങളില്‍ ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ട് അനുഭവിച്ച ഹൃദയവേദനയാണ് ഈ ജയത്തോടെ ഇല്ലാതായത്. കഷ്ടപ്പാടുകളുടെ വലിയൊരു കഥ തന്നെ പറയാനുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതകള്‍ക്ക്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശാന്ത രംഗസ്വാമിയുടെ വാക്കുകളിലുണ്ട് അവര്‍ അനുഭവിച്ച വേദന. ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാത്ത കോച്ചുകളും, കിടന്നുറങ്ങുന്നത് ഡോര്‍മിറ്ററികളിലുമായിരുന്നു വനിതാ താരങ്ങള്‍. ഒരു കൈയ്യില്‍ ക്രിക്കറ്റ് കിറ്റും മറുകൈയ്യില്‍ സ്യൂട്ട്‌കേസുമായിട്ടായിരുന്നു പലതാരങ്ങളും യാത്ര ചെയ്തിരുന്നത്. ഇത്രയൊക്കെ കഷ്ടപ്പാടുകള്‍ അന്ന് അനുഭവിച്ചത് കൊണ്ട് ഇന്നത്തെ തലമുറയ്ക്ക് അത് വലിയ മുതല്‍ക്കൂട്ടായി മാറിയെന്നും ശാന്ത രംഗസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."