ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌ത വിവാദം: ബിബിസി തലപ്പത്ത് രാജി; ഡയറക്ടർ ജനറലും സിഇഒയും സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌തെന്ന വിവാദത്തെത്തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചു. 20 വർഷത്തെ സേവനത്തിന് ശേഷമാണ് ടിം ഡേവി ബിബിസി വിടുന്നത്. ഇരുവരുടെയും രാജി തീരുമാനം ബിബിസി ഡയറക്ടർ ബോർഡ് അംഗീകരിച്ചു.
രാജിക്ക് പിന്നിലെ കാരണം
രാജി തീരുമാനം പൂർണ്ണമായും തൻ്റേതാണെന്ന് ടിം ഡേവി വ്യക്തമാക്കിയെങ്കിലും, "ബിബിസി ന്യൂസിനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ച" തൻ്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇത് ബിബിസിയെ സംബന്ധിച്ച് സങ്കടം നിറഞ്ഞ ദിവസമാണെന്ന് ചെയർമാൻ സമീർ ഷാ പ്രതികരിച്ചു.
വിവാദമായ ഡോക്യുമെൻ്ററി
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്തുകൊണ്ട് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഉന്നതതല രാജി.കഴിഞ്ഞ വർഷം ബിബിസി പനോരമയിൽ സംപ്രേഷണം ചെയ്ത 'ട്രംപ്: എ സെക്കൻഡ് ചാൻസ്?' എന്ന ഡോക്യുമെന്ററിയാണ് വിവാദത്തിന് ആധാരം.
ട്രംപിൻ്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒന്നാക്കി, 2021 ജനുവരിയിലെ കാപ്പിറ്റോൾ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഡോക്യുമെന്ററി മാറ്റം വരുത്തി എന്നാണ് ആരോപണം.സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഒക്ടോബർ ഫിലിംസ് ലിമിറ്റഡാണ് ബിബിസിക്കു വേണ്ടി ഈ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."