സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്ത കേസിൽ തമിഴ്നാട് സ്വദേശി കൂടൽ പൊലിസിന്റെ പിടിയിലായി. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി. (42) ആണ് അറസ്റ്റിലായത്.
സംഭവം നടന്നതിങ്ങനെ
കഴിഞ്ഞ മാസം 27-ാം തീയതി രാവിലെ 7.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ പ്രതി സഞ്ചരിച്ച സ്കോർപ്പിയോ കാറിലെത്തി തടഞ്ഞു നിർത്തി. വഴി ചോദിക്കാനെന്ന വ്യാജേനയാണ് ഇയാൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തിയത്.പുനലൂരിലേക്കുള്ള വഴി ചോദിച്ചശേഷം, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും തുടർന്ന് ലൈംഗിക ചേഷ്ടകൾ കാട്ടുകയുമായിരുന്നു.ശേഷം ഇയാൾ വാഹനം ഓടിച്ചുപോയി.
പ്രതിയെ പിടികൂടിയത്
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വാഴക്കുല എത്തിച്ചു നൽകുന്ന കച്ചവടക്കാരനാണ് പ്രതിയായ വിജയരാജ. കച്ചവടത്തിന്റെ പണം കളക്ട് ചെയ്ത് സ്കോർപ്പിയോ കാറിൽ തിരികെ പോകുന്ന വഴിയാണ് ഇയാൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്.
വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും വ്യാപകമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. കൂടൽ പൊലിസ് സബ് ഇൻസ്‌പെക്ടർ അനിൽകുമാർ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ്, സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."