'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ സമവായത്തിലെത്തണമെന്ന് അന്ത്യശാസനവുമായി സുപ്രിംകോടതി. സമവായമായില്ലെങ്കില്‍ അടുത്ത വ്യാഴാഴ്ച്ച യോഗ്യരായ വൈസ് ചാന്‍സലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സുപ്രിംകോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നിരുന്നില്ല. സാങ്കേതിക സര്‍വ്വകലാശാല വൈസ്ചാന്‍സലറായി സിസ തോമസിനെയുംഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലറായി ഡോ. പ്രിയ ചന്ദ്രനെയുമാണ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നത്. സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ.
ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി, അഭിഭാഷകന്‍ വെങ്കിട്ടസുബ്രമണ്യം എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി എന്നിവര്‍ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് ഗവര്‍ണര്‍ നല്‍കിയ ഹരജിയും ഗവര്‍ണര്‍ക്കെതിരേ കേരളം സമര്‍പ്പിച്ച അപേക്ഷയുമാണ് കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്.
The Supreme Court has issued an ultimatum to Kerala, directing the Governor and State Government to reach a consensus on VC appointments. If not, the Court will appoint eligible candidates next Thursday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."