“third minister in india within three months; India strengthens ties with the taliban ruled afganisthan
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ആരോഗ്യമന്ത്രി നൂർ ജലാൽ ജലാലി ഇന്ത്യയിലെത്തി. ആരോഗ്യവും ഫാർമസ്യൂട്ടിക്കൽ മേഖലയും ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ സന്ദർശിക്കുന്ന മൂന്നാമത്തെ മുതിർന്ന താലിബാൻ നേതാവാണ് ജലാലി. ഡൽഹിയിലെത്തിയ ജലാലിയെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് സ്വീകരിച്ചു. അഫ്ഗാനിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ സ്ഥിരതയുള്ള സമീപനമാണ് ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്നും ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
സന്ദർശനത്തിനിടെ ജലാലി കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതരെയും ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രതിനിധികളെയും കാണും. മുൻ കാബൂൾ സർക്കാരിന്റെ കാലത്ത് നിലനിന്നിരുന്ന ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ചർച്ചകളുടെ മുഖ്യലക്ഷ്യമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട യു.എസ് അധിനിവേശം 2021 ഓഗസ്റ്റിൽ അവസാനിപ്പിക്കുകയും താലിബാൻ അധികാരത്തിലേറുകയും ചെയ്യുന്നതിന് മുന്നോടിയായി ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ ചികിത്സാവശ്യാർഥം ഇന്ത്യയിലേക്ക് വന്നിരുന്നു. ഇത് തുടരാനും ജലാലിയുടെ സന്ദർശനത്തിൽ തീരുമാനം ഉണ്ടാകും.
കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുതഖിയും നവംബറിൽ വ്യവസായ, വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസിയും ഇന്ത്യ സന്ദർശിച്ചിരുന്നു. മുതഖിയുടെ സന്ദർശനത്തിന് പിന്നാലെ കാബൂളിലെ ഇന്ത്യയുടെ താൽക്കാലിക മിഷൻ പൂർണ എംബസിയായി ഉയർത്തുകയും ഡൽഹിയിലെ അഫ്ഗാൻ മിഷനിലേക്ക് ചില താലിബാൻ നയതന്ത്രജ്ഞരെ നിയോഗിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."