കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന്
കാസർകോട്: പട്ടാപ്പകൽ നഗരമധ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ കർണാടകയിൽ വെച്ച് പൊലിസ് പിടികൂടി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് ആന്ധ്രാ രജിസ്ട്രേഷനിലുള്ള കറുത്ത സ്‌കോർപിയോയിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കർണാടകയിലെ ഹാസനിൽ വെച്ച് പ്രതികളെ പിടികൂടിയ പൊലിസ് ഹനീഫയെ സുരക്ഷിതനായി മോചിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ കാസർകോട് നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് സമീപം വെച്ചായിരുന്നു സംഭവം. കറുത്ത മഹീന്ദ്ര സ്‌കോർപിയോയിൽ എത്തിയ സംഘം ഹനീഫയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ കൃത്യമായ വിവരമാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.
വിവരം ലഭിച്ച ഉടൻ കാസർകോട് പൊലിസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. പ്രതികൾ മംഗളൂരു ഭാഗത്തേക്കാണ് കടന്നതെന്ന് തിരിച്ചറിഞ്ഞതോടെ കേരള പൊലിസ് കർണാടക പൊലിസിന് ജാഗ്രതാ നിർദ്ദേശം നൽകി. കർണാടക പൊലിസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഹാസനിൽ വെച്ച് വാഹനം തടയുകയും നാല് ആന്ധ്രാ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ് ജില്ലാ പൊലിസ് മേധാവി വിജയ് ഭരത് റെഡി അറിയിച്ചു. പ്രതികളെ ഉടൻ കാസർകോട് എത്തിക്കുമെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലിസ് അറിയിച്ചു.
a young man was allegedly kidnapped in a dramatic, cinema-style incident from kasaragod city and later rescued by authorities from karnataka.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."