കാലിത്തീറ്റയ്ക്കെന്ന പേരിൽ പൂത്ത ബ്രഡും റസ്‌ക്കും ശേഖരിക്കും; ഉണ്ടാക്കുന്നത് കട്ലറ്റ്; ഷെറിൻ ഫുഡ്‌സ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു
പയ്യോളി: പഴകിയതും പൂപ്പൽ ബാധിച്ചതുമായ ബ്രഡും റസ്‌ക്കും തുടങ്ങിയ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് പലഹാരങ്ങൾ നിർമ്മിച്ചു വിറ്റ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. പയ്യോളി ഐ.പി.സി റോഡിൽ പ്രവർത്തിക്കുന്ന 'ഷെറിൻ ഫുഡ്‌സ്' എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ കർശന നടപടിയെടുത്തത്.
കാലിത്തീറ്റ നിർമ്മാണത്തിനെന്ന വ്യാജേനയാണ് വിവിധ ബേക്കറികളിൽ നിന്നും കടകളിൽ നിന്നും കാലാവധി കഴിഞ്ഞ ബ്രഡ്, ചപ്പാത്തി, ബൺ, റസ്‌ക് എന്നിവ ഇവർ ശേഖരിച്ചിരുന്നത്. എന്നാൽ ശേഖരിക്കുന്ന ഈ അവശിഷ്ടങ്ങൾ ഉപയോഗിച്ച് കട്‌ലറ്റ്, എണ്ണക്കടികൾ, മറ്റ് ഫാസ്റ്റ് ഫുഡ് ഇനങ്ങൾ എന്നിവ നിർമ്മിച്ച് വിപണിയിൽ എത്തിക്കുകയായിരുന്നു എന്ന് പരിശോധനയിൽ വ്യക്തമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. 3000 കിലോ പൂത്ത ബ്രഡ് ക്രംസ്, 500 കിലോ പഴകിയ ചപ്പാത്തി എന്നിവ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തു.
"കാലിത്തീറ്റയ്ക്ക് നൽകാനാണെന്ന് പറഞ്ഞാണ് ഇവർ കടകളിൽ നിന്നും മറ്റും പാഴായ ഭക്ഷണസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്നത്. ഇവ വീണ്ടും സംസ്കരിച്ച് കട്ലറ്റും മറ്റുമായി മാറ്റുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത സാധനങ്ങളുടെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് സ്ഥാപന ഉടമയ്ക്കെതിരെ ക്രിമിനൽ കേസടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.
സംശയാസ്പദമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് അറിയിക്കാവുന്നതാണ്. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
shirin foods was closed by the food safety department after officials discovered the unit was using spoiled and moldy bread and rusk to manufacture snacks. While the bakery waste was officially collected under the pretext of being used as cattle feed, it was instead being dried, powdered, and used to make cutlets and other snacks for human consumption. Following a raid, the authorities seized the unhygienic materials and cancelled the firm's license due to the serious health risks posed to the public.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."