ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു
ദോഹ: ഗസ്സ പൂർണമായി ആൾപ്പാർപ്പില്ലാത്ത പ്രദേശമാക്കുന്നതിന്റെ ഭാഗമായി ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു. ഇത്തരത്തിൽ 153 ഗസ്സക്കാരുമായി പോയ വിമാനത്തെക്കുറിച്ചുള്ള വിവരം അൽജസീറ പുറത്തുവിട്ടു. അൽമജ്ദ് യൂറോപ്പ് എന്ന ഇസ്‌റാഈലുമായി ബന്ധമുള്ള ഷെൽ കമ്പനിയാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്.
വെടിനിർത്തലിനു ശേഷവും ബോംബാക്രമണം തുടരുന്നതിൽ നിരാശരായ ഫലസ്തീനികളിൽ നിന്ന് വൻ തുക സ്വീകരിച്ചാണ് രഹസ്യമായി യാത്ര തരപ്പെടുത്തുന്നത്. നവംബർ 13ന് ജോഹന്നാസ്ബർഗിലെ ഒ.ആർ ടെംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഫലസ്തീനികളെ പാസ്‌പോർട്ടിൽ പുറപ്പെടൽ സ്റ്റാമ്പ് ഇല്ലെന്ന പേരിൽ 12 മണിക്കൂറോളം പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. പിന്നീട് അനുമതി നൽകിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ ഫലസ്തീനികളെ പുറംനാടുകളിലേക്ക് കയറ്റിയയക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കി. ഫലസ്തീനികളെ പിന്തുണച്ച് അന്താരാഷ്ട്ര കോടതിയിൽ വാദിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക.
താൽപര്യമുള്ള ഫലസ്തീനികൾക്ക് വിദേശത്തേക്ക് പോകാൻ സൗകര്യമൊരുക്കുമെന്നാണ് നേരത്തെ ഇസ്‌റാഈൽ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ബലംപ്രയോഗിച്ചുള്ള ഉന്മൂലനമാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."