മൊബൈലില്‍ റേഞ്ച് ഇല്ലെങ്കിലും നോ ടെന്‍ഷന്‍; സാറ്റലൈറ്റ് വഴി നേരിട്ട് കണക്റ്റിവിറ്റി: ജിസിസിയില്‍ ചരിത്രനേട്ടം കുറിച്ച് ബഹ്‌റൈന്‍
മനാമ: മൊബൈല്‍ ടവറുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കുന്ന 'സാറ്റലൈറ്റ് ഡയറക്ട് ടു ഡിവൈസ്' (Satellite Direct to Device – D2D) സേവനം രാജ്യത്ത് ആരംഭിക്കുമെന്ന് ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു. ഭൂമിയിലെ നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും സാധാരണ മൊബൈല്‍ ഫോണുകള്‍ നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ കൊണ്ട് സാധ്യമാക്കും.
സാധാരണയായി മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് അടുത്തുള്ള ടവറുകളില്‍ നിന്നുള്ള സിഗ്‌നലുകള്‍ സ്വീകരിച്ചാണ് എങ്കില്‍ പുതിയ സംവിധാനത്തിലൂടെ മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലും കടലിലും മരുഭൂമിയിലും സിഗ്‌നല്‍ ഉറപ്പാക്കും. അതുമൂലം എവിടെവച്ചും ഇന്റര്‍നെറ്റും മൊബൈല്‍ കണക്ടിവിറ്റിയും ഉപയോഗിക്കാം. ഇതിന് പ്രത്യേക ഡിവൈസിന്റെയോ ആന്റിനകളുടെയോ ആവശ്യമില്ല.
ബഹ്‌റൈനിനെ കണക്ടിവിറ്റിയുടെയും ഡിജിറ്റല്‍ ഇന്നൊവേഷന്റെയും ആഗോള കേന്ദ്രമാക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ടി.ആര്‍.എ അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലായിടത്തും ആശയവിനിമയ സേവനങ്ങള്‍ ലഭ്യമാക്കി സുരക്ഷ, പ്രതിരോധശേഷി, കണക്ടിവിറ്റി എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും TRA ജനറല്‍ ഡയറക്ടര്‍ ഫിലിപ്പ് മാര്‍നിക്ക് പറഞ്ഞു.
സാറ്റലൈറ്റ് ഡയറക്ട്ടുഡിവൈസ് സേവനങ്ങള്‍ ബഹ്‌റൈനിന്റെ ടെലികമ്യൂണിക്കേഷന്‍സ് ഇക്കോസിസ്റ്റത്തിലെ വലിയ മുന്നേറ്റമാണ്. ജിസിസിയില്‍ ഈ സാങ്കേതികവിദ്യ അംഗീകരിക്കുന്ന ആദ്യ രാജ്യമായതോടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ ബഹ്‌റൈനിന്റെ നേതൃസ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്. ഭൂമിയിലെ നെറ്റ്‌വര്‍ക്കുകളുടെ പരിധിക്കപ്പുറത്തും ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്നത് ഉറപ്പാക്കുന്ന ഈ നീക്കം സുരക്ഷയെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ദേശീയ പ്രതിരോധശേഷിയെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
The Bahrain Telecommunications Regulatory Authority (TRA) has announced that it will launch a 'Satellite Direct to Device (D2D)' service in the country, which will allow people to make phone calls and use the internet directly via satellites without the help of mobile towers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."