എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്
കോഴിക്കോട്: അക്ഷരനക്ഷത്രങ്ങളുടെ മഹാപ്രപഞ്ചം തലമുറകളിലേക്ക് പകര്‍ന്നു നല്‍കിയ എം.ടി വാസുദേവൻ നായർ മാഞ്ഞുപോയിട്ട് ഒരു വര്‍ഷം. ഓര്‍ത്തുവയ്ക്കാന്‍ വാക്കുകളുടെ മായാജാലം സമ്മാനിച്ച ആ മടക്കം തീര്‍ത്ത ശൂന്യതയിലാണ് മലയാള സാഹിത്യലോകമിന്നും. 2024 ഡിസംബര്‍ 25ന് രാത്രിയാണ് മലയാളത്തിന്റെ ഒരേയൊരു എം.ടി കഥാവശേഷനായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എം.ടിയെന്ന രണ്ടക്ഷരം നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്ത ഭാവങ്ങളിലും തിളങ്ങി. രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളില്‍ സജീവമായി.
കോഴിക്കോടിന് സാഹിത്യ നഗരപദവി ലഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഓർമകൾക്ക് സ്വീകാര്യത നേടാൻ സ്മാരകം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. തിരൂർ തുഞ്ചൻപറമ്പിൽ കലാ-സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുന്നുണ്ട്. മ്യൂസിയവും ഗ്യാലറിയും വരുന്നത് എം.ടിക്ക് ഉള്ള ആദരമാണ്. സാംസ്‌കാരിക വകുപ്പിൻ്റെ മുൻകൈയിൽ തുഞ്ചൻ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് പണിയുക.
കഴിഞ്ഞ ബജറ്റിൽ എം.ടി സ്മാരകത്തിനായി ആദ്യഘട്ടം അഞ്ചുകോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 32 വർഷത്തോളം തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനായിരുന്നു എം.ടി. തലമുറകളിലേക്ക് പകരാനായി അക്ഷര ചെപ്പുകൾ തുറന്ന് വച്ചാണ് കാലയവനികയ്ക്കുള്ളിൽ അദ്ദേഹം മറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."