ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം വ്യാപിക്കുന്നതിനിടെ ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ആക്രമണം നടത്തുന്നവര്‍ക്ക് വട്ടാണെന്നും അത്തരം അതിക്രമങ്ങളില്‍ ബി.ജെ.പിക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. 1.4 ബില്യണ്‍ ഇന്ത്യക്കാരില്‍ ചിലര്‍ തെറ്റ് ചെയ്യും. അതെല്ലാം തങ്ങളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന പൊളിറ്റിക്‌സാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയ അവസരമാക്കി മാറ്റാതെ കേസ് ഫയല്‍ ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
'1.4 ബില്യണ്‍ ജനങ്ങള്‍ ഉള്ള ഈ രാജ്യത്തില്‍ ചില കാര്യങ്ങളെല്ലാം നടക്കും. ചില വട്ടുള്ള ആള്‍ക്കാര്‍ ഉണ്ടാകും. ചിലര്‍ തെറ്റെല്ലാം ചെയ്യും. അതെല്ലാം ഞങ്ങളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന ഒരു പൊളിറ്റിക്‌സാണ് കോണ്‍ഗ്രസും സി.പി.എമ്മും ചെയ്യുന്നത്. ഇനിയിപ്പോ ആരെങ്കിലും ഭരണഘടനക്ക് എതിരെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണം. അതല്ലേ ഫാക്ട്? അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വിവാദമാക്കുകയോ പൊളിറ്റിക്കല്‍ അവസരമാക്കി മാറ്റുകയോ അല്ല ചെയ്യേണ്ടത്. അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യണം' -ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് നേരെ രാജ്യവ്യാപകമായി വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും നേതൃത്വത്തില്‍ നിരവധി അക്രമപരമ്പരകളാണ് അരങ്ങേറുന്നത്. ക്രിസ്മസ് രാവിലും സംഘ്പരിവാര്‍ അനുകൂലികളുടെ ആക്രമണം തുടര്‍ന്നു. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്‌രംഗ്ദള്‍ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവില്‍നിന്ന് ഇവരെ ആട്ടിയോടിച്ചു. സാന്താക്ലോസ് തൊപ്പികള്‍ ധരിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന വിശ്വാസികളെ, മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ അധിക്ഷേപിച്ചത്. 'നിങ്ങളുടെ സ്വന്തം വീടുകളില്‍ ആഘോഷിക്കൂ' എന്ന് ആക്രോശിച്ച് അവരെ ആട്ടയോടിച്ചു.
നല്‍ബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂര്‍ മാഗ്‌നെറ്റോ മാളില്‍ ബജ്റംഗ്ദള്‍ നേതൃത്വത്തില്‍ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു.
കേരളത്തിലും കരോള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. പാലക്കാട്ട് കുട്ടകളടങ്ങുന്ന സംഘത്തിന്റെ ബാന്‍ഡുകളും മറ്റും ആര്‍.എസ്.എസ്.- ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കരോള്‍ സംഘം മദ്യപിച്ചിരുന്നു എന്നാണ് ആക്രമണത്തെ ബി.ജെ.പി നേതാവ് ന്യായീകരിച്ചത്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ക്ലീമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു. ജീവനെടുക്കാനും മര്‍ദിക്കാനും ഭയപ്പെടുത്താനും അവര്‍ക്ക് കഴിയും, ചേര്‍ത്തുനിര്‍ത്താനും ധൈര്യപ്പെടാനുമാണ് നമുക്ക് കഴിയേണ്ടതെന്ന് ക്ലീമിസ് ബാവ പറഞ്ഞു.
ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും പറഞ്ഞു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് വിമര്‍ശനം. ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമെന്ന് സി.എസ്.ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും പ്രതികരിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നതായാണ് ക്രൈസ്തവ സഭകളുടെ വിമര്‍ശനം.
ഇത്തരം അക്രമണങ്ങള്‍ അപലനീയമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍ പ്രതികരിച്ചപ്പോള്‍ എല്ലാ മതങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.
bjp kerala president rajeev chandrasekhar denied party responsibility in recent attacks against christians, stating that such acts are done by individuals and should be addressed legally, not politically
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."