സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ മുഖപത്രം; ബി.ജെപി നേതാക്കള്‍ക്കും വിമര്‍ശനം
കോട്ടയം: ക്രൈസ്തവര്‍ക്ക് നേരെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കത്തോലിക്ക സഭ മുഖപത്രമായ ദീപിക. 'വിദ്വേഷസംഘങ്ങള്‍ക്കും വെളിച്ചമാകട്ടെ ക്രിസ്മസ്' എന്ന തലക്കെട്ടില്‍ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വിമര്‍ശനം. പാലക്കാട് കരോള്‍ സംഘത്തിലെ കുട്ടികളെ ആക്രമിച്ച ബി.ജെ.പിക്കാരെ ന്യായീകരിച്ചും കുട്ടികളെ അധിക്ഷേപിച്ചും രംഗത്തുവന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.
ക്രിസ്മസിന് അവധികള്‍ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബി.ജെ.പി നേതാക്കള്‍ മതേതര ഇന്ത്യക്കു നല്‍കുന്ന സന്ദേശം വായിക്കാന്‍ രാജ്യം വൈകിയെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പ്രാര്‍ഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നില്‍ സര്‍ക്കാരുകള്‍ ഓച്ഛാനിച്ചുനില്‍ക്കുകയാണ്. ഭരണകൂടങ്ങള്‍ ഭരണഘടനയെ നിര്‍വീര്യമാക്കുമ്പോള്‍ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല. സമാധാനസന്ദേശം വിളിച്ചോതുന്ന കരോള്‍ഗാനംപോലും സഹിക്കാന്‍ അവര്‍ക്കാകുന്നില്ല. സ്‌നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കല്‍ അവര്‍ക്കു കയ്പാണ് -മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ദീപിക എഡിറ്റോറിയല്‍
അധികാരത്തിന്റെ പിന്‍ബലത്തില്‍ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവര്‍ക്കെതിരേ തിരിയുന്നത് ആഗോളതലത്തില്‍ ഇസ്ലാമിക തീവ്രവാദികളാണെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുത്വ വര്‍ഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോള്‍ഗാനംപോലും സഹിക്കാന്‍ അവര്‍ക്കാകുന്നില്ല. സ്‌നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കല്‍ അവര്‍ക്കു കയ്പാണ്.
ക്രിസ്മസിന് അവധികള്‍ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബി.ജെ.പി നേതാക്കള്‍ മതേതര ഇന്ത്യക്കു നല്‍കുന്ന സന്ദേശം വായിക്കാന്‍ രാജ്യം വൈകിക്കഴിഞ്ഞു. പ്രാര്‍ഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നില്‍ സര്‍ക്കാരുകള്‍ ഓച്ഛാനിച്ചുനില്‍ക്കുകയാണ്. ഭരണകൂടങ്ങള്‍ ഭരണഘടനയെ നിര്‍വീര്യമാക്കുമ്പോള്‍ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങള്‍ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവര്‍ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവര്‍ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവര്‍ കേരളത്തിലുമെത്തി. കരോള്‍ഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയര്‍ ക്രൈസ്തവരിലുമുണ്ടെന്നതില്‍ അതിശയോക്തിയില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാര്‍ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവര്‍ത്തിക്കുന്‌പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുക.
''ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാര്‍ത്ത. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, ക്രിസ്തു പിറന്നിരിക്കുന്നു.'' ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങള്‍ക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗര്‍ത്തങ്ങള്‍ക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തില്‍ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.
പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തെ ബി.ജെ.പിക്കാര്‍ ആക്രമിച്ചതിനെ ന്യായീകരിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. താന്‍ അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്‍ ആയിരുന്നില്ലെന്നാണ് ഷോണ്‍ പ്രതികരിച്ചത്. മാന്യമായ കരോള്‍ ആണെങ്കില്‍ പള്ളി അറിയണ്ടേ. രൂപത നടത്തുന്ന കരോള്‍ മാന്യമായിരിക്കും. നാട്ടുകാര്‍ക്ക് പ്രശ്‌നം ഉണ്ടാക്കുന്ന രീതിയില്‍, നാട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഒരു കരോളാണ് അവിടെ നടന്നതെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും ഷോണ്‍ പറഞ്ഞു. 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ ഷോണ്‍ ന്യായീകരിച്ചത്.
ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ കരോള്‍ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. മദ്യപിച്ച് സി.പി.എമ്മിന്റെ ബാന്‍ഡ് സെറ്റുമായി പോകുന്നവരെ കരോള്‍ സംഘമെന്നാണോ പറയേണ്ടതെന്ന് എന്നായിരുന്നു വാര്‍ത്ത സമ്മേളനത്തില്‍ കൃഷ്ണകുമാര്‍ ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."