എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പുതുക്കലിൻ്റെ ഭാഗമായി 14 ജില്ലകൾക്കുമായി നാല് ഇലക്ടറൽ റോൾ ഒബ്സർവർമാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യത്തിനും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കെ. ബിജുവിനും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ടിങ്കു ബിസ്വാളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകൾ ഡോ. കെ. വാസുകിക്കുമാണ്. മൂന്ന് ഘട്ടങ്ങളിലായി ഒബ്‌സർവർമാർ ജില്ലകൾ സന്ദർശിക്കും.
ചുമതലയുള്ള ജില്ലകളിൽ അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന കാലയളവായ നോട്ടിസ് ഘട്ടത്തിലാണ് റോൾ ഒബ്സർവർമാർ ആദ്യ സന്ദർശനം നടത്തുക. അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന കാലയളവിലാണ് രണ്ടാം സന്ദർശനം. ബി.എൽ.ഒമാർ പ്രവർത്തന പകർപ്പ് പരിശോധിക്കുകയും സപ്ലിമെൻ്റുകൾ അച്ചടിക്കുകയും വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് മൂന്നാം സന്ദർശനം.
ആദ്യ സന്ദർശന സമയത്ത് എം.പി, എം.എൽ.എമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് പരാതികളും പരാതിവിഷയങ്ങളും കേൾക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."