വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടം മെഡിക്കൽ കോളജ് ഈന്തിവിള ലൈൻ പുതുവൽ വീട്ടിൽ അരുൺദേവിനെയാണ് തിരുവനന്തപുരം അഡീഷനൽ ജില്ലാ ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്.
സംഭവം ഇങ്ങനെ
2017 ഫെബ്രുവരി 23-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും കുടുംബവും നേരത്തെ യാത്ര പോയപ്പോൾ ഡ്രൈവറായി എത്തിയ ആളായിരുന്നു പ്രതിയായ അരുൺദേവ്. അന്ന് മുതൽ ഇയാൾ യുവതിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് വിലക്കാൻ യുവതിയുടെ ഭർത്താവും സഹോദരനും അരുണുമായി സംസാരിച്ചിരുന്നെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പിന്നീട് അക്രമം നടത്തിയത്.
രക്ഷപ്പെട്ടത് മക്കൾ എത്തിയതിനാൽ
സംഭവം നടന്ന ദിവസം യുവതി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ അരുൺദേവ് മതിൽ ചാടി അകത്തു കടക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം പുറത്ത് കളിക്കാൻ പോയിരുന്ന യുവതിയുടെ മക്കൾ തിരിച്ചെത്തുകയും അമ്മയുടെ നിലവിളി കേട്ട് വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലിസിന്റെ പിടിയിലായി.
പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.പ്രതിക്ക് 12 വർഷം കഠിനതടവും,51,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു.പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജെ.കെ. അജിത്പ്രസാദ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."