മുങ്ങിമരിച്ച സുഹൃത്തുക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി
നിലമ്പൂര്‍: ചാലിയാര്‍ പുഴയുടെ പാറക്കടവില്‍ ഒഴുക്കില്‍ പെട്ട് മരിച്ച നിലമ്പൂര്‍ മുതുകാട് കോളനിയിലെ പുള്ളാളി ശങ്കരന്‍ (53), സുഹൃത്തും അയല്‍വാസിയുമായ പാടത്ത് പുലയന്‍ സുകുമാരന്‍ (കുമാരന്‍-45) എന്നിവര്‍ക്ക് മുതുകാട് ഗ്രാമം പ്രണാമമര്‍പ്പിച്ചു. മുതുകാട് പൊതുശ്മശാനത്തില്‍ അടുത്തടുത്തായാണ് ഇരുവര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്. നാനാതുറളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ധൈര്യവാനായ സുകുമാരന്‍ എപ്പോഴും സന്നദ്ധ സേവകനും കൂടിയാണ്. പാറക്കടവില്‍ പുഴയില്‍ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങള്‍ എടുക്കുന്നയാളായിരുന്നു സുകുമാരന്‍. നീന്തല്‍ വിദഗ്ധന്‍കൂടിയായ സുകുവിന്റെ മരണവാര്‍ത്ത നാട്ടുകാര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. തെങ്ങുകയറ്റ തൊഴിലാളിയായ ശങ്കരനും നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു.
കുളിക്കുന്നതിനിടെ ശങ്കരന്‍ ഒഴുക്കില്‍പ്പെടുകയായിരുന്ന ശങ്കരനെ രക്ഷിക്കാനാണ് സുകുമാരന്‍ പുഴയില്‍ ഇറങ്ങിയത്. ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. രണ്ടുദിവസം നടത്തിയ തെരച്ചില്‍ വിഫലമായിരിക്കെ ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.സി.മോഹനന്‍, അബ്ദുല്‍ റഷീദ്, തഹസില്‍ദാര്‍ പി.പി.ജയചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.രാജഗോപാല്‍, എം.ചന്ദ്രമോഹന്‍, വില്ലേജ് ഓഫീസര്‍ പി.ബി.അല്ലി, ജീവനക്കാരായ എം.കെ.സുരേഷ് ബാബു, സതീഷ് കുമാര്‍, വി. പ്രഭാകരന്‍, സിഐ കെ.എം.ദേവസ്യ, എസ്‌ഐ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും, പൊലിസും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്നാം ദിവസം മൃതദേഹം കണ്ടെത്തിയത്.
നാല് ബോട്ടുകളും പാലക്കാട്, നിലമ്പൂര്‍, മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനുകളിലെ 50 മുങ്ങല്‍ വിദഗ്ദരും പങ്കെടുത്തു. അടിയന്തിര സഹായമായി 5,000 രൂപ വീതം കുടുംബങ്ങള്‍ക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."