വെള്ളാപ്പള്ളിയുടെ കള്ളംപൊളിച്ച് സഭയിൽ കണക്കുകൾ; കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ മാനേജ്‌മെന്റിന്; 370 അല്ല, എട്ടു ജില്ലകളിൽ മാത്രം ഈഴവർക്ക് 403 സ്‌കൂളുകൾ
തിരുവനന്തപുരം: മുസ്‌ലിംകൾക്ക് വാരിക്കോരി നൽകുന്നെന്ന എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ കള്ള പ്രചാരണം പൊളിച്ച് നിയമസഭയിൽ രേഖ. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് കൃത്യമായ മറുപടിയായത്.
മുസ്‌ലിംകൾക്ക് താരതമ്യേന കൂടൂതൽ സ്ഥാപനങ്ങളുള്ള മലപ്പുറത്തിനും കോഴിക്കോടിനും പുറമേ, വയനാട്, കാസർകോട്, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ മാത്രം കണക്കുപ്രകാരം ഏറ്റവും കൂടുതൽ സ്‌കൂളുകളുള്ളത് ക്രിസ്ത്യൻ മാനേജ്‌മെന്റിനാണ്. 1,254 സ്‌കൂളുകൾ. മുസ്‌ലിം മാനേജ്‌മെന്റിന് 1162 സ്‌കൂളുകളാണുള്ളത്. നായർ മാനേജ്‌മെന്റിന് 565ഉം ഈഴവ വിഭാഗത്തിന് 403ഉം മറ്റുള്ളവർക്ക് 828ഉം സ്‌കൂളുകളുണ്ട്. സംസ്ഥാനത്താകെയുള്ള 7,195 മാനേജ്‌മെന്റ് സ്‌കൂളുകളിൽ 4,212 സ്‌കൂളുകളാണ് ഈ ജില്ലകളിൽ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ആറ് ജില്ലകളിൽ പ്രവർത്തിക്കുന്ന 2,983 സ്‌കൂളുകളിലെ മാനേജ്‌മെന്റുകളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചുവരികയാണ്.
സംസ്ഥാനത്ത് മുസ്‌ലിംകൾക്ക് 4020ഉം എസ്.എൻ.ഡി.പിക്ക് 370 ഉം സ്‌കൂളുകളാണുള്ളതെന്നായിരുന്നു മുസ്‌ലിംകളെ പ്രതികൂട്ടിൽ നിർത്താൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. എന്നാൽ വെള്ളാപ്പള്ളി പറഞ്ഞതിന്റെ മൂന്നിലൊന്ന് സ്‌കൂളുകൾ പോലും എട്ട് ജില്ലകളിൽ മുസ്‌ലിംകൾക്ക് ഇല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് ജില്ലകളിൽ മാത്രം ഈഴവർക്ക് 403 സ്‌കൂളുകളുണ്ടെന്ന രേഖ, തങ്ങൾക്ക് ആകെ 370 സ്‌കൂളുകൾ മാത്രമാണുള്ളതെന്ന വെള്ളാപ്പള്ളിയുടെ വാദവും പൊള്ളയായിരുന്നെന്ന് തെളിയിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ എസ്.എൻ.ഡി.പിക്കും മുസ്‌ലിം മാനേജ്‌മെന്റുകൾക്കും അനുവദിച്ച സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ യു.എ ലത്തീഫ് എം.എൽ.എ നിയമസഭയിൽ ചോദിച്ചെങ്കിലും വിവരം ശേഖരിച്ചുവരികയാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
exposing vellappally’s falsehoods with figures in the assembly; more educational institutions under christian management;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."