വെണ്ടത്തൈകളില്‍ മഞ്ഞളിപ്പു രോഗം പടരുന്നു തിമിരി കൊടക്കവയലില്‍ വ്യാപക കൃഷി നാശം
ചെറുവത്തൂര്‍:ഓണക്കാലം ലക്ഷ്യമാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വെണ്ടകൃഷി നടത്തിയവര്‍ പ്രതിസന്ധിയില്‍. മഞ്ഞളിപ്പ് രോഗം അതിവേഗം പടരുന്നതാണു കൃഷിയിറക്കിയവരെ വലയ്ക്കുന്നത്. യെല്ലോ വെയിന്‍ മൊസേക്ക് വൈറസ് ആണ് രോഗകാരണം.
കായ്ഫലം ലഭിച്ചു തുടങ്ങാറായപ്പോഴാണു തിമിരി കൊടക്കവയലില്‍ രോഗം വ്യാപിച്ചിരിക്കുന്നത്. ഇവിടെ കൊടക്കവയല്‍ പുരുഷ സ്വയം സഹായ സംഘം കൃഷിയിറക്കിയ വെണ്ടകള്‍ മുഴുവനായും നശിച്ചു കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ഇവര്‍ രണ്ടര ക്വിന്റല്‍ വെണ്ട വിറ്റിരുന്നു. കൂടുതല്‍ കൃഷിയിറക്കി വലിയ പ്രതീക്ഷയിലായിരുന്നു സംഘം പ്രവര്‍ത്തകര്‍. എന്നാല്‍ ഒരു മാസം മുന്‍പ് ഇലകളുടെ ഞരമ്പുകളില്‍ മഞ്ഞളിപ്പു തെളിഞ്ഞു വരികയും വളര്‍ച്ച മുരടിക്കുകയും ചെയ്തു. വലുപ്പം കുറഞ്ഞ മഞ്ഞ നിറമുള്ള കായകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്. വെള്ളീച്ചകളാണ് രോഗം വ്യാപിപ്പിക്കുന്നത് എന്നാണു കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്.
വേപ്പെണ്ണ സോപ്പ് ലായനി അല്ലെങ്കില്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുന്നതു രോഗ നിയന്ത്രണ മാര്‍ഗമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതും വേണ്ടത്ര ഫലം കാണുന്നില്ല. അധ്വാന ഫലം പാഴായതിന്റെ വേദനയിലാണു നിരവധി കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."